കല്ലമ്പലം: ബസിൽ കയറുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് കാൽതെറ്റിവീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ സുബ്രഹ്മണ്യൻ എന്ന സ്വകാര്യ ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് അറസ്റ്റുചെയ്‌തു. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഡ്രൈവർ വർക്കല കണ്ണംബ നിസാ മൻസിലിൽ നജീം (38), കണ്ടക്ടർ ചെറുന്നിയൂർ വടശേരിക്കോണം അംബേദ്‌കർ കോളനിയിൽ ലിബിൻ (28) എന്നിവരാണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്ത ബസ് കോടതിക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഞെക്കാട് ഗവ വി.എച്ച്.എസ്.എസിന് മുമ്പിലായിരുന്നു അപകടം. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി പ്രീതിയാണ് അപകടത്തിൽപ്പെട്ടത്. കുട്ടിയുടെ പിതാവും സ്‌കൂൾ അധികൃതരും നൽകിയ പരാതിയിലാണ് നടപടി. സ്വകാര്യബസുകളുടെ മത്സരയോട്ടവും തുടർന്നുള്ള അപകടങ്ങളും പതിവാകുന്നതിനാൽ ട്രാൻസ്‌പോർട്ട് കമ്മിഷണർ ശ്രീലേഖ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തി. എൻഫോഴ്സ്‌മെന്റ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ ബിജു മേനോന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം സേഫ് കേരള എൻഫോഴ്സ്‌മെന്റിൽ ഉൾപ്പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാർ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ എസ്. ശ്രീപ്രസാദ്, എ. അൻസാരി എന്നിവരുടെ സംഘം ഞെക്കാട് സ്‌കൂൾ അധികൃതരുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. ചർച്ചയിലെ തീരുമാനപ്രകാരം ബസിൽ യാത്ര ചെയ്യുന്ന എല്ലാ വിദ്യാർത്ഥികളും അതത് ദിവസത്തെ ബസ് യാത്രയിലുണ്ടാകുന്ന അനുഭവങ്ങൾ ബസിന്റെ പേര്, നമ്പർ എന്നിവ സഹിതം ക്ലാസ് ടീച്ചറെ ഏല്പിക്കണമെന്ന് വിദ്യാർത്ഥികളെ അറിയിച്ചു. പരാതികൾ ക്ലാസ് ടീച്ചർമാർ ഹെഡ്മാസ്റ്ററിനും, പ്രിൻസിപ്പലിനും കൈമാറും. ആഴ്ചയിലൊരിക്കൽ ആർ.ടി.ഒ സ്‌കൂളിലെത്തി പരാതികൾ ശേഖരിക്കും. ഇതിൽ ക്രിമിനൽ സ്വഭാവമുള്ളത് നടപടികൾക്കായി പൊലീസിനു കൈമാറും. അല്ലാത്തവ പരിശോധിച്ച് ഗൗരവം കണക്കാക്കി നടപടിയെടുക്കും.