secretariate

തിരുവനന്തപുരം: അടുത്ത വർഷം മാർച്ചിന് മുമ്പ് നടത്തേണ്ട കേരള ഭരണ സർവീസിന്റെ (കെ.എ.എസ്) ആദ്യ പരീക്ഷയിൽ മലയാളത്തിൽ ചോദ്യങ്ങൾ ഉണ്ടാകില്ല. സർക്കാർ തീരുമാനമെടുത്ത് അറിയിക്കുന്ന മുറയ്ക്ക് മലയാളത്തിലും ചോദ്യങ്ങൾ പരിഗണിക്കുമെന്നാണ് അപേക്ഷ ക്ഷണിക്കാൻ പി.എസ്.സി തയ്യാറാക്കിയ വിജ്ഞാപനത്തിലുള്ളത്. അന്തിമ വിജ്ഞാപനം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. 200 മാർക്കിനുള്ള പ്രാഥമിക പരീക്ഷയിൽ ചോദ്യങ്ങൾ മലയാളത്തിലും പരിഗണിക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.

അന്തിമ വിജ്ഞാപനത്തിൽ മലയാളത്തിൽ ചോദ്യം ഉൾപ്പെടുത്തുന്നതു സംബന്ധിച്ച ഉറപ്പ് നൽകണമെന്ന് പി.എസ്.സി അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടതായാണ് അറിയുന്നുത്. എന്നാൽ, മലയാളത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അദ്ധ്യക്ഷനായ ഭാഷാനയ രൂപീകരണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം വിജ്ഞാപനത്തിൽ ഉൾപ്പെടുത്താമെന്നാണ് പി.എസ്.സി ചെയർമാൻ അടക്കമുള്ളവരുടെ അഭിപ്രായം.
കഴിഞ്ഞ മാസമാണ് സർക്കാർ ഭാഷാനയ രൂപീകരണ സമിതിക്ക് രൂപം നൽകിയത്. വി.സിമാരും ഭാഷാവിദഗ്ദ്ധന്മാരും ഉൾപ്പെട്ട സമിതിയുടെ റിപ്പോർട്ട് പുറത്തുവരാൻ ഒരു വർഷത്തിലേറെയെടുക്കും. കെ.എ.എസ് വിജ്ഞാപനവും സിലബസും ഉടൻ പ്രസിദ്ധീകരിക്കുകയും ആദ്യപരീക്ഷ മാർച്ചിനു മുമ്പ് നടത്തുകയും വേണം. അതിനാൽ മലയാളത്തിലുള്ള ചോദ്യങ്ങൾ തിരക്കിട്ട് ഉൾപ്പെടുത്തേണ്ടെന്നാണ് പി.എസ്.സിയുടെ തീരുമാനം.

വിജ്ഞാപനത്തിലെ

പ്രധാന നിർദേശങ്ങൾ

 അംഗപരിമിതർക്ക് വ്യവസ്ഥ ചെയ്തിട്ടുളള ബെഞ്ച് മാർക്ക് ഡിസെബിലിറ്റി മാനദണ്ഡങ്ങൾ പ്രകാരമുള്ള 4 ശതമാനം സംവരണം ഏർപ്പെടുത്തും

 പ്രാഥമിക പരീക്ഷയിൽ 30 മാർക്കിന്റെ ചോദ്യങ്ങൾ ഭരണഭാഷ/ പ്രാദേശിക ഭാഷാ നൈപുണ്യവും (മലയാളം/തമിഴ്/കന്നട) 20 മാർക്കിന്റെ ചോദ്യങ്ങൾ ഇംഗ്ലീഷ് നൈപുണ്യവും പരീക്ഷിക്കുന്നതായിരിക്കും
 വിവിധ സംവരണ സമുദായങ്ങൾക്ക് നിയമപ്രകാരമുള്ള പ്രാതിനിദ്ധ്യം ഉറപ്പാക്കും
പ്രാഥമിക പരീക്ഷ സ്‌ക്രീനിംഗ് ടെസ്റ്റ് മാത്രമായിരിക്കും.

പ്രധാന പരീക്ഷയിൽ 100 മാർക്കിന്റെ 2 മണിക്കൂർ ദൈർഘ്യമുളള 3 പരീക്ഷകൾ . 50 മാർക്കിന്റെ അഭിമുഖം ഉൾപ്പെടെ മൊത്തം 350 മാർക്കിനാണ് പരീക്ഷ. .