മലയിൻകീഴ്: മലയിൻകീഴ് ഗവ. മാധവകവി സ്‌മാരക കോളേജിലെ ജനൽഗ്ലാസ്, സി.സി ടിവി കാമറ എന്നിവ അക്രമിസംഘം അടിച്ചുതകർത്തു. കോളേജിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടിവി കാമറയിൽ അക്രമികളുടെ ദൃശ്യങ്ങളുണ്ടെങ്കിലും ഹെൽമറ്റ് ധരിച്ചിരിക്കുന്നതിനാൽ ഇവരെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ അദ്ധ്യാപകരുടെ മുറിയിലെ ജനൽ ഗ്ലാസ് തകർത്തത്. ഇന്നലെ രാവിലെയാണ് ആക്രമണത്തെക്കുറിച്ച് അധികൃതർ അറിയുന്നത്. ഹാജർ കുറവായതിനാൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിലെ അഞ്ച് വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഇവരും പ്രിൻസിപ്പലുമായി വാക്കുതർക്കമുണ്ടായിരുന്നു. പ്രിൻസിപ്പലിന്റെ കാബിനിൽ അതിക്രമിച്ച് കടന്നതിനെ തുടർന്ന് എസ്.എഫ്.ഐ നേതാവായ കോളേജ് യൂണിയൻ ചെയർമാൻ ഉൾപ്പെടെ അഞ്ചുപേരെയും പ്രിൻസിപ്പൽ സസ്‌പെൻഡ് ചെയ്‌തിരുന്നു. പരീക്ഷയെഴുതാൻ അനുവദിച്ചില്ലെങ്കിൽ സമരം ആരംഭിക്കുമെന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ പോസ്റ്റർ പതിക്കുകയും ചെയ്‌തു. ഇതിനുശേഷമാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യവും സംഭവത്തിന് പിന്നിൽ സാമൂഹ്യവിരുദ്ധരാണോ എന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. മലയിൻകീഴ് പൊലീസ് ശേഖരിച്ച സി.സി ടിവി ദൃശ്യങ്ങൾ സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കും. ഇന്നലെ മുതൽ കോളേജിൽ അനിശ്ചിതകാല സമരം നടത്തുമെന്ന് എസ്.എഫ്.ഐ നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രിൻസിപ്പലിന്റെ നിർദ്ദേശമനുസരിച്ച് യൂണിയൻ ചെയർമാനും മറ്റ് രണ്ടു വിദ്യാർത്ഥികളും മാപ്പെഴുതി നൽകി സസ്‌പെൻഷൻ ഒഴിവാക്കുകയും പരീക്ഷ എഴുതുകയും ചെയ്‌തു. പുറത്താക്കപ്പെട്ട മറ്റ് രണ്ടുപേരോടൊപ്പം ഒരു വിഭാഗം വിദ്യാർത്ഥികൾ ഇന്നലെ ക്ലാസ് ബഹിഷ്‌കരിച്ചു. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കോളേജ് കാമ്പസ് പൊലീസ് നിരീക്ഷണത്തിലാണ്. സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു.