തിരുവനന്തപുരം: പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഗുരുതരമായ വീഴ്ചകൾ കാരണം ശിക്ഷ കിട്ടാതെ രക്ഷപെട്ട വാളയാർ കേസിലെ പ്രതികളെ അകത്താക്കാൻ കേസ് സി.ബി.ഐക്ക് വിടുക എളുപ്പമല്ല. കേസിന്റെ വിചാരണ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചതിനാൽ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാനോ വിജ്ഞാപനമിറക്കാനോ സംസ്ഥാനസർക്കാരിന് അധികാരമില്ല. ഹൈക്കോടതിയിൽ ഉടനടി അപ്പീൽ നൽകുക മാത്രമാണ് ഏകപോംവഴി. പുതിയ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കീഴ്‌ക്കോടതി വിധി റദ്ദാക്കി പുനരന്വേഷണത്തിന് ഉത്തരവിടണമെന്നും സർക്കാരിന് ഹൈക്കോടതിയോട് അപേക്ഷിക്കാം. പക്ഷേ, പുനരന്വേഷണം കേരളാ പൊലീസിനേ നടത്താനാവൂ. അന്തിമറിപ്പോർട്ട് നൽകിയശേഷം അന്വേഷണഏജൻസിയെ മാറ്റരുതെന്ന് സുപ്രീംകോടതി ഉത്തരവുള്ളതിനാലാണിത്.
ക്രിമിനൽ നടപടിചട്ടത്തിലെ സെക്ഷൻ 300പ്രകാരം ഒരുകുറ്റത്തിന് രണ്ടുവട്ടം വിചാരണ പാടില്ല. ഭരണഘടന 20(2) അനുച്ഛേദ പ്രകാരം ഒരാളെയും ഒരു കുറ്റത്തിന് ഒന്നിലധികം തവണ പ്രോസിക്യൂട്ട് ചെയ്യാനോ ശിക്ഷിക്കാനോ കഴിയില്ല. സമ്മർദ്ദങ്ങൾക്ക് വഴങ്ങി സി.ബി.ഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാൽ അത് നിയമവിരുദ്ധമായി മാറും. പ്രതികൾക്ക് അതിന്റെ ആനുകൂല്യവും കിട്ടും. ക്രിമിനൽ നടപടിച്ചട്ടം 173(8)പ്രകാരം ശാസ്ത്രീയപരിശോധനാ ഫലമെങ്കിലും ഹാജരാക്കി, പുതിയതെളിവുകളുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് കഴിയും. പക്ഷേ, അത് വിചാരണ അവസാനിക്കും മുമ്പായിരിക്കണം. വിചാരണാഘട്ടത്തിലും സർക്കാരിന് ഇത്തരമൊരു അപേക്ഷ സമർപ്പിക്കാമായിരുന്നു. വാളയാർ കേസിൽ ഇതൊന്നുമുണ്ടായില്ല. പെരിയയിൽ രണ്ട് യൂത്ത്കോൺഗ്രസുകാരെ കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയാണ് ഹൈക്കോടതി അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറി ഉത്തരവിട്ടത്. ഗുജറാത്ത് കലാപം, ബെസ്റ്റ്ബേക്കറി കേസുകളിലും വിചാരണ പൂർത്തിയാവും മുൻപായിരുന്നു പുനരന്വേഷണം.
ഇനി ഇങ്ങനെ
1)ഹൈക്കോടതിയുടെ അനുമതി നേടിയാൽ അന്വേഷണത്തിന് മുതിർന്ന ഉദ്യോഗസ്ഥരുടെ പുതിയ സംഘത്തെ നിയോഗിക്കാം.
2)പ്രോസിക്യൂഷൻ വിട്ടുകളഞ്ഞ 25സാക്ഷികളെയും സാഹചര്യതെളിവുകളും ഉൾപ്പെടുത്തി പുതിയ കുറ്റപത്രം നൽകാം
3)കൂറുമാറിയ സാക്ഷികളെ ഒഴിവാക്കി,ശക്തമായ ശാസ്ത്രീയതെളിവുകളും സാക്ഷിമൊഴികളും കൂട്ടിച്ചേർക്കാം
4)പുനരന്വേഷണം പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നെന്ന പോസ്റ്റുമാർട്ടം റിപ്പോർട്ട് ആധാരമാക്കിയുള്ളതാക്കാം
4)അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസുകാരെ പിരിച്ചുവിടുന്നതടക്കമുള്ള വകുപ്പുതല നടപടികൾ സ്വീകരിക്കാം
''സർക്കാരിന് സി.ബി.ഐ അന്വേഷണത്തിനോ പുനരന്വേഷണത്തിനോ ഉത്തരവിടാനാവില്ല. ഹൈക്കോടതിയിലെ അപ്പീൽ മാത്രമാണ് പോംവഴി. ഒരുകുറ്റത്തിന് ഇന്ത്യയിലൊരു കോടതിയിലും രണ്ടാം വിചാരണ പറ്റില്ല.''
- ബി.ജി.ഹരീന്ദ്രനാഥ്, മുൻ ലാസെക്രട്ടറി
''പ്രതികളെ വെറുതെവിട്ട വിധിപ്പകർപ്പ് കിട്ടിയില്ല. പുനരന്വേഷണത്തിന്റെ സാദ്ധ്യതതേടും.''
- ലോക്നാഥ് ബെഹ്റ, പൊലീസ്മേധാവി