തിരുവനന്തപുരം: ശബരിമലയെ മറയാക്കി വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ ബി.ജെ.പിയും യു.ഡി.എഫും നടത്തിയ കാപട്യങ്ങൾ തിരിച്ചറിഞ്ഞാണ് ഉപതിരഞ്ഞെടുപ്പിൽ ജനം വിധിയെഴുതിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമല സ്ഥിതിചെയ്യുന്ന കോന്നിയിൽ ബി.ജെ.പി സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വിശ്വാസികൾ നൽകിയ തിരിച്ചടിയാണെന്നും അദ്ദേഹം പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ മാണി സി. കാപ്പൻ, കെ.യു. ജനീഷ് കുമാർ, വി.കെ. പ്രശാന്ത് എന്നിവർക്ക് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തരിക്കണ്ടം മൈതാനത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ഇ. ചന്ദ്രശേഖരൻ, നേതാക്കളായ എം. വിജയകുമാർ, വി. ശിവൻകുട്ടി, ജി.ആർ. അനിൽ, പാളയം രാജൻ, ഉഴമലയ്ക്കൽ വേണുഗോപാൽ, നീലലോഹിതദാസൻ നാടാർ, ആർ. സതീഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു