industry

തിരുവനന്തപുരം: സംസ്ഥാനത്ത് സൂക്ഷ്‌മ, ചെറുകിട, ഇടത്തരം (എം.എസ്.എം.ഇ) വ്യവസായങ്ങൾ തുടങ്ങാൻ ഇനി മുൻകൂർ അനുമതി വേണ്ട. സാക്ഷ്യപത്രം മാത്രം നൽകിയാൽ 10 കോടി രൂപ വരെ മുതൽ മുടക്കുള്ള വ്യവസായങ്ങൾ തുടങ്ങാം. ആവശ്യമായ അംഗീകാരങ്ങളും പരിശോധനകളും മൂന്ന് വർഷത്തിന് ശേഷം പൂർത്തിയാക്കിയാൽ മതി. മന്ത്രിസഭ അംഗീകരിച്ച നിയമം നിർമ്മിക്കുന്നതിനുള്ള ബിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചു. 'കേരള സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ ആക്ട് 2019' എന്നാണ് നിയമത്തിന്റെ പേര്. ഈ സമ്മേളനത്തിൽ തന്നെ പാസാക്കേണ്ട ബിൽ മന്ത്രി ഇ.പി. ജയരാജൻ സഭയിൽ അവതരിപ്പിക്കും.


സമ്പൂർണ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന്റെ ഭാഗമായാണ് പുതിയ നിയമ പരിഷ്കാരം. 1999ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും നഗരപ്രദേശ വികസനവും ആക്ട് പ്രകാരം രൂപീകരിച്ച ജില്ലാ ബോർഡുകളാണ് വ്യവസായം തുടങ്ങാൻ അനുമതി നൽകുക. പുതിയ ആക്ട് പ്രകാരമുള്ള നോഡൽ ഏജൻസി ജില്ലാ ബോർഡാണ്. വ്യവസായം തുടങ്ങാൻ നിശ്ചിത ഫോമിൽ ജില്ലാ ബോർഡിന് സംരംഭകൻ ഒരു സ്വയം സാക്ഷ്യപത്രം നൽകണം. സാക്ഷ്യപത്രം കൈപ്പറ്റിയെന്ന ജില്ലാ ബോർഡിന്റെ രസീത് ലഭിച്ചാലുടൻ വ്യവസായം തുടങ്ങാം. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് 'ചുവപ്പ് പട്ടിക"യിൽ ഉൾപ്പെടുത്തിയ വ്യവസായങ്ങൾക്ക് ആനുകൂല്യം ലഭിക്കില്ല.


ആദ്യ മൂന്ന് വർഷത്തിനിടെ അനുമതികളും ലൈസൻസുകളും നൽകുന്ന അധികാര സ്ഥാനങ്ങളായ കോർപറേഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനം, നഗര വികസന അതോറിട്ടി, സർക്കാർ നിയന്ത്രണത്തിലുള്ള ഏജൻസികൾ, അതോറിട്ടികൾ എന്നിവർ അതുമായി ബന്ധപ്പെട്ട് ഒരു പരിശോധനയും വ്യവസായ സ്ഥാപനത്തിൽ നടത്തരുതെന്നും വ്യവസ്ഥയുണ്ട്.


സാക്ഷ്യപത്രത്തിലെ ഏതെങ്കിലും നിബന്ധനകൾ വ്യവസായ സ്ഥാപനം ലംഘിച്ചാൽ അഞ്ച് ലക്ഷം രൂപയിൽ കവിയാത്ത പിഴ നോഡൽ ഏജൻസിക്ക് ഈടാക്കാം. നോഡൽ ഏജൻസിയുടെ തീരുമാനം എതിരാണെങ്കിൽ സംരംഭകൻ സംസ്ഥാന ബോർഡിന് മുന്നിൽ 30 ദിവസത്തിനകം അപ്പീൽ നൽകണം. അപ്പീൽ ബോർഡ് 30 ദിവസത്തിനകം തീർപ്പുണ്ടാക്കണം.