23

വർക്കല: കൂട്ടായ നിക്ഷേപത്തിലൂടെ സഹകരണമേഖലയിൽ ആരംഭിച്ച ഇഷ്ടിക നിർമ്മാണ ഫാക്ടറി കാട് കയറി നശിക്കുന്നു.

15 വർഷം മുൻപ് ഇലകമൺ ഗ്രാമപഞ്ചായത്തിലെ മഠത്തിൽവാതുക്കൽ റോഡിന് സമീപത്താണ് ഒരേക്കർ പത്ത് സെന്റ് സ്ഥലത്ത് പ്രീയദർശിനി ഇൻഡസ്ട്രീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഇഷ്ടിക നിർമ്മാണ ഫാക്ടറി തുടങ്ങിയത്. നൂറോളം നിക്ഷേപകരിൽ നിന്നും ഓഹരി സ്വീകരിച്ചാണ് സൊസൈറ്റി പ്രവർത്തനം ആരംഭിച്ചത്. ഓഹരി ഉടമകളിൽ നിന്നും ലഭിച്ച 10 ലക്ഷത്തോളം രൂപയാണ് ഫാക്ടറിയുടെ മൂലധനം. സർക്കാരിന്റെ സാമ്പത്തിക സഹായവും ഉണ്ടായിരുന്നു. ഭവനനിർമ്മാണ ആവശ്യത്തിനുളള ഗുണമേന്മയുള്ള സാമഗ്രികൾ നിർമ്മിച്ചു നൽകുകയായിരുന്നു ലക്ഷ്യം. തുടക്കത്തിൽ നല്ല വിറ്റുവരവും ഉണ്ടായിരുന്നു. ഭരണ സമിതിയിലെ അഭിപ്രായ ഭിന്നതകൾ രൂക്ഷമായതോടെ ഫാക്ടറിയുടെ പ്രവർത്തനം മന്ദഗതിയിലാവുകയും ഒടുവിൽ നിലയ്ക്കുകയും ചെയ്തു. ഇതോടെ സ്ത്രീകൾ ഉൾപ്പെടെ 25ഓളം തൊഴിലാളികൾ പെരുവഴിയിലുമായി. ഓഹരിയെടുത്ത നിക്ഷേപകരുടെ വ്യവസായ സ്വപ്നങ്ങളും അതോടെ പൊലിഞ്ഞു. നിക്ഷേപ തുകപോലും മടക്കിക്കിട്ടാതെ അവരിൽ ചിലരെല്ലാം മരണമടയുകയും ചെയ്തു. പൈക്കോസ് ബ്രിക്സ് എന്നായിരുന്നു ഇവിടെ നിർമ്മിച്ച ചുടുകട്ടയുടെ പേര്. ഈ ചുടുകട്ടയ്ക്ക് ആവശ്യക്കാർ ധാരാളമായിരുന്നു. ഫാക്ടറി പ്രവർത്തനം നിലച്ചതോടെ ആരും തിരിഞ്ഞു നോക്കാനില്ലാതായി. സാമൂഹ്യവിരുദ്ധർക്കും മദ്യപാനികൾക്കും ഇവിടം ഇടത്താവളവുമായി. ഇനിയൊരു ഉയർത്തെഴുന്നേൽപിന് സാദ്ധ്യതയില്ലാത്ത നിലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിലെ ഒരുകൂട്ടം ആളുകളുടെ സഹകരണ സ്വപ്നം തകർന്ന് തരിപ്പണമായ അവസ്ഥയിലാണ്.