by-election-meet

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പുകളിലെ തിരിച്ചടി വിലയിരുത്താൻ നവംബർ 15ന് പൂർണ ദിവസ യു.ഡി.എഫ് യോഗം ചേരും. നെയ്യാർ ഡാമിലെ രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് സ്റ്റഡീസിലാണ് യോഗം. വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ പരാജയത്തിന്റെ പശ്ചാത്തലത്തിലാണിത്. പാളിച്ചകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും യു.ഡി.എഫ് യോഗത്തിൽ തുറന്ന വിലയിരുത്തൽ നടക്കുമെന്നും ഇന്നലത്തെ മുന്നണി യോഗത്തിനു ശേഷം ചെയർമാൻ രമേശ് ചെന്നിത്തലയും കൺവീനർ ബെന്നി ബെഹനാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാരിനെതിരെ രൂപപ്പെട്ട ജനവികാരം ശക്തമായി നിലനിൽക്കുകയാണെന്ന് ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്. വർഗീയവികാരം ഇളക്കിവിട്ടും ജനാധിപത്യമര്യാദകൾ ലംഘിച്ചുമാണ് ഇടതു മുന്നണി പ്രചരണം നടത്തിയത്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചിട്ടും അഞ്ചിൽ മൂന്നിടത്തും യു.ഡി.എഫിന് മികച്ച വിജയം നേടാനായെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇടതു മുന്നണി ഏറ്റവുമധികം വർഗ്ഗീയ കാർഡ് ഇറക്കിയത് വട്ടിയൂർക്കാവിലാണ്. എൻ.എസ്.എസ് ശരിദൂരം പറഞ്ഞപ്പോൾ അത് യു.ഡി.എഫ് അനുകൂലമെന്നു പറഞ്ഞ് വർഗീയ ധ്രുവീകരണമുണ്ടാക്കി. കോന്നിയിലേത് അപ്രതീക്ഷിത തോൽവിയാണ്. ഉപതിരഞ്ഞെടുപ്പുകൾക്കു ശേഷം മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും ധാർഷ്ട്യം കൂടിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.