തിരുവനന്തപുരം : ദിവസങ്ങൾക്കുമുമ്പ് പാലായിൽ അത്‌ലറ്റിക് മീറ്റിനിടെ അഫീൽ എന്ന പ്ളസ് ടു വിദ്യാർത്ഥി ഹാമർ തലയിൽ പതിച്ച് അപകടമുണ്ടായതിന്റെ നടുക്കം മായും മുന്നേ വിദ്യാർത്ഥികളെ സ്കൂൾ കായിക മേളകളിൽ ഒഫിഷ്യലുകളായി നിയോഗിച്ച് അപകട സാദ്ധ്യത ക്ഷണിച്ചുവരുത്തി വിദ്യാഭ്യാസ വകുപ്പ്.
കായികാദ്ധ്യാപകർ മാസങ്ങളായി ചട്ടപ്പടി സമരത്തിലായതിനാൽ എങ്ങനെയെങ്കിലും മത്സരങ്ങൾ നടത്തിയെടുക്കാനുള്ള തത്രപ്പാടിൽ ഗെയിംസ് മത്സരങ്ങൾ പലയിടത്തും തമ്മിൽ തല്ലിലും തർക്കത്തിലും കലാശിച്ചിരുന്നു.
തൊട്ടുപിന്നാലെ അത്‌ലറ്റിക്സ് കൂടി ഉപജില്ലാ തലത്തിൽ ആരംഭിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടിരിക്കുന്നത്. കായികാദ്ധ്യാപകരുടെ സമരത്തെ തോൽപ്പിക്കാൻ ഏതുവിധേനെയും മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജനറൽ ഒാഫീസിൽ നിന്ന് ഉപജില്ലാ വിദ്യാഭ്യാസ ഒാഫീസർമാർക്ക് നിൽകിയിരിക്കുന്ന നിർദ്ദേശം. ഭരണപക്ഷ അദ്ധ്യാപക സംഘടനകളുടെ സമ്മർദ്ദവും ഇതിനുപിന്നിലുണ്ട്. ഇതോടെ മതിയായ സുരക്ഷയും വേണ്ടത്ര സജ്ജീകരണമില്ലാത്ത പ്രഹസനങ്ങളാണ് കായിക മേളകൾ എന്ന പേരിൽ നടക്കുന്നത്.
ചട്ടപ്പടി സമരം
ഹൈസ്കൂൾ അദ്ധ്യാപക പദവിക്ക് തുല്യമായി വേതനം പരിഷ്കരിക്കുക, പ്ളസ് ടുവിൽ ഉൾപ്പെടെ കായിക അദ്ധ്യാപക തസ്തികൾ സൃഷ്ടിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കായികാദ്ധ്യാപകർ ജൂൺ മുതൽ ചട്ടപ്പടി സമരം തുടങ്ങിയത്. സ്കൂളിൽ തങ്ങളുടെ സ്ഥിരം ജോലികൾ മാത്രമേ ചെയ്യുകയുള്ളൂവെന്നും അധികം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കില്ലെന്നതുമായിരുന്നു കായികാദ്ധ്യാപകരുടെ സമരനിലപാട്. ഇതനുസരിച്ച് പതിവായി ചെയ്തുപോരുന്ന ഉപജില്ലാ കായിക സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ കായികാദ്ധ്യാപകർ വിസമ്മതിച്ചു. ഇതോടെ മത്സരങ്ങളുടെ നടത്തിപ്പ് അവതാളത്തിലായി.
സമരം പൊളിക്കാൻ
2017 ൽ സമാനമായ രീതിയിൽ കായികാദ്ധ്യപകർ സമരം ചെയ്തപ്പോൾ വിദ്യാഭ്യാസമന്ത്രി നൽകിയ ഉറപ്പുകൾ രണ്ടുവർഷം കഴിഞ്ഞിട്ടും നടപ്പാക്കാത്തതിനെ തുടർന്നാണ് ഇൗവർഷം വീണ്ടും സമരം തുടങ്ങിയത്. എല്ലാ സ്കൂളിലും കായികാദ്ധ്യാപകരെ നിയമിക്കുന്നത് പരിഗണിക്കാം എന്ന് മന്ത്രി അറിയിച്ചെങ്കിലും ഉത്തരവ് ഉണ്ടാകുന്നതുവരെ സമരം തുടരുമെന്ന് കായികാദ്ധ്യാപകർ നിലപാടെടുത്തതോടെ കായികാദ്ധ്യപകർ ഇല്ലാതെയും മത്സരങ്ങൾ നടത്തുമെന്ന നിലപാടിലായി വിദ്യാഭ്യാസ വകുപ്പ്. മത്സരങ്ങൾ നടത്താൻ സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കായിക അസോസിയേഷനുകളുടെയും സഹായം തേടി. എന്നാൽ കൃത്യമായ ധാരണയില്ലാത്തവരെ ഒഫിഷ്യൽസാക്കിയതിന്റെ പേരിൽ ഗെയിംസ് ഇനങ്ങളിൽ കൂട്ടത്തല്ലുവരെ നടന്നു.
പ്രശ്നങ്ങൾ രൂക്ഷമായതോടെ ചർച്ച ചെയ്ത് സമരം പരിഹരിക്കുന്നതിന് പകരം കായികാദ്ധ്യാപക സംഘടനാനേതാവിനെ സസ്‌പെൻഡ് ചെയ്യാനും സസ്‌പെൻഷൻ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടപ്പോൾ ജോലിചെയ്തിരുന്ന സ്കൂളിൽ മറ്റൊരാളെ നിയമിച്ചുമൊക്കെ പ്രതികാരം തീർക്കുകയായിരുന്നു ഡി.പി.ഐ. ഇതിന് പിന്നാലെ അത്‌ലറ്റിക്സ് മത്സരങ്ങൾ നടത്താൻ കായികരംഗവുമായി ഒരു ബന്ധവുമില്ലാത്ത ഭരണപക്ഷ അദ്ധ്യാപക സംഘടനകളെ ഏൽപ്പിക്കുകയും ചെയ്തു.
പെരിന്തൽമണ്ണയിൽ ഒഴിവായ ദുരന്തം
പാലായിൽ സംഭവിച്ചതുപോലൊരു അപകടത്തിൽനിന്ന് ഭാഗ്യം കൊണ്ടാണ് പെരിന്തൽമണ്ണയിലെ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. പെരിന്തൽമണ്ണ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഗ്രൗണ്ടിന്റെ രണ്ട് വശങ്ങളിലുമായി ഒരേ സമയത്താണ് ജാവലിൻ, ഡിസ്കസ് എന്നീ ത്രോ ഇനങ്ങൾ നടത്തിയത്. നടുക്ക് ജാവലിനും ഡിസ്കസും എടുത്തു കൊടുക്കാൻ ഒഫിഷ്യൽസായി സമീപത്തെ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥികളും. മത്സരത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ആരും ഒഫിഷ്യൽസായി ഉണ്ടായിരുന്നതുമില്ല.
ബോധം പോയത് തലസ്ഥാനത്ത്
തിരുവനന്തപുരം : നോർത്ത് ഉപജില്ലാ കായികമേളയിൽ തുടർച്ചയായി മത്സരങ്ങളിൽ കുട്ടികളെ ഒാടിച്ചതുമൂലം മത്സരശേഷം കുട്ടികൾ ബോധംകെട്ടുവീണു. 800 മീറ്ററിൽ വിജയിയായ വിദ്യാർത്ഥിയെ കിതപ്പടങ്ങുംമുമ്പേ ആറ് കിലോമീറ്റർ ക്രോസ് കൺട്രിയിലാണ് മത്സരിപ്പിച്ചത്. ഇത് ഒാടി രണ്ടാമതായിയെത്തിയതിന് പിന്നാലെ കുട്ടി തളർന്നുവീഴുകയായിരുന്നു. ദീർഘദൂര ഒാട്ടമത്സരങ്ങൾക്ക് മുമ്പ് കൃത്യമായ ഇടവേള വേണമന്ന സാമാന്യ ബോധം പോലുമില്ലാത്തവരാണ് മീറ്റ് നടത്തിയത്. കുട്ടിയുടെ വിവരം പത്രമാദ്ധ്യമങ്ങളിൽ വന്നതോടെ സ്കൂളിലെ കായിക അദ്ധ്യാപകനെ ഉപജില്ലാ, ജില്ലാവിദ്യാഭ്യാസ ഒാഫീസുകളിൽ നിന്ന് വിളിച്ചു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ചവറയിൽ ഇരുട്ടത്ത് ഒാട്ടം
ചവറ സബ്‌ജില്ലാ അത്‌ലറ്റിക്സ് മത്സരങ്ങൾ വൈകുന്നേരത്ത് മതിയായ വെളിച്ചമില്ലാതെയാണ് സംഘടിപ്പിച്ചത്. 50 മീറ്റർ ഒാട്ടമത്സരം മൊബൈൽ ഫ്ളാഷിന്റെ വെളിച്ചത്തിലാണ് പൂർത്തിയാക്കിയത്.