തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ ഭൂമിതട്ടിപ്പ് കേസിൽ കാര്യസ്ഥൻ രവീന്ദ്രൻ നായർ, മുൻ ജില്ലാകളക്ടർ മോഹൻദാസ് എന്നിവരുൾപ്പെടെ പന്ത്റണ്ടു പേർക്കെതിരെ കരമന പൊലീസ് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ചു. തറവാട്ടിലെ അവസാന കണ്ണിയായിരുന്ന ജയമാധവൻ നായരുടെ വസ്തുക്കൾ കൈക്കലാക്കിയ കേസിലാണ് എഫ്.ഐ.ആർ. അതേസമയം, കുടുംബത്തിലെ ഏഴു പേരുടെ മരണവുമായി ബന്ധപ്പെട്ട കേസ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല.
മറ്റൊരു കാര്യസ്ഥനായിരുന്ന സഹദേവൻ, രവിന്ദ്രന്റെ ബന്ധുക്കളായ മായാദേവി, ലതാദേവി, ശ്യാം കുമാർ, സരസദേവി,സുലോചന ദേവി, വി.ടി. നായർ, ശങ്കരമേനോൻ, ജോലിക്കാരിയായിരുന്ന ലീല, അനിൽകുമാർ എന്നിവരാണ് മറ്റു പ്രതികൾ. ഇവർക്കെതിരെ വഞ്ചന, ക്രിമിനൽ ഗുഢാലോചന, വധിക്കുമെന്ന് ഭീഷണിപ്പെടുത്തൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മോഹൻദാസിന്റ ഭാര്യയുടെ പേരിൽ സ്വത്ത് കരസ്ഥമാക്കിയത് ഔദ്യോഗിക അധികാരം ഉപയോഗിച്ച് കൃത്രിമം നടത്തിയാണെന്നാണ് ആരോപണം. ദുരൂഹ മരണങ്ങളിൽ ആരോപണവിധേയനായ രവീന്ദ്രൻ നായരുടെയും പരാതിക്കാരിയായ പ്രസന്നകുമാരിയുടെയും വീട്ടുജോലിക്കാരിയായ ലീലയുടെയും മൊഴി പൊലീസ് വീണ്ടുമെടുത്തിട്ടുണ്ട്.
ബന്ധമില്ലെന്ന് മോഹൻദാസ്
കരമന കേസിൽ ആരോപണവിധേയനായ മുൻ ജില്ലാളക്ടർ മോഹൻദാസ് തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. തന്റെ ഭാര്യക്ക് കിട്ടിയത് കുടുംബസ്വത്താണ്. വിൽപത്രവുമായോ കോടതി നടപടികളുമായോ ബന്ധവുമില്ല. ഭാര്യയ്ക്ക് കിട്ടിയ സ്വത്തിൽ പ്രസന്നകുമാരിക്ക് ഒരവകാശവുമില്ല. ഇങ്ങനെയൊരു വിൽപത്രം ഉണ്ടെന്നറിഞ്ഞത് പോലും മാദ്ധ്യമങ്ങളിലൂടെയാണ്.
അന്വേഷണത്തിന് ഇവർ
തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മിഷണർ (ക്രൈംസ്) മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ എം.എസ്. സന്തോഷാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. കരമന സി.ഐ, എസ്.ഐ, ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ തുടങ്ങിയവരുമുണ്ട്.