സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയെ
മറികടന്ന് ഗ്രനാഡ ഒന്നാമത്
മാഡ്രിഡ് : സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയും റയൽ മാഡ്രിഡും അത്‌ലറ്റിക്കോയുമൊക്കെ മാറിമാറി കിരീടമണിയുന്ന പതിവ് ഇത്തവണ മാറിയേക്കും. സീസണിൽ പല ക്ളബുകളും 10 മത്സരങ്ങൾ പിന്നിട്ടപ്പോൾ ടോപ് ഫൈവ് സ്ഥാനത്തേക്ക് ഗ്രനാഡ, റയൽ സോഡിഡാഡ്, സെവിയ്യതുടങ്ങിയ ക്ളബുകളാണ്. ഇതിൽ ഗ്രനാഡ സാക്ഷാൽ ബാഴ്സലോണയെ മറികടന്ന് പോയിന്റ് പട്ടികയിൽ ഒന്നാമതേക്ക് തന്നെ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ റയൽ ബെറ്റിസിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഗ്രനാഡ ഒന്നാംസ്ഥാനത്തേക്കുയർന്നത്. 61-ാം മിനിട്ടിൽ അൽവാരോ വാഡിലോയാണ് ഗ്രനാഡയുടെ വിജയഗോൾ നേടിയത്.
ഇൗ വിജയത്തോടെ ഗ്രനാഡയ്ക്ക് 10 മത്സരങ്ങളിൽനിന്ന് 20 പോയിന്റായി. ഒന്നാംസ്ഥാനത്തായിരുന്ന ബാഴ്സയ്ക്ക് ഒൻപത് മത്സരങ്ങളിൽ നിന്ന് 19 പോയിന്റേയുള്ളൂ. അതേസമയം നാളെ ബാഴ്സലോണ വയ്യലോയ്ഡിനെ നേരിടും. ഇൗ മത്സരത്തിൽ വിജയിച്ചാൽ ഒന്നാംസ്ഥാനം വീണ്ടെടുക്കാൻ ബാഴ്സലോണയ്ക്ക് കഴിയും.
ഇന്നലെ നടന്ന മറ്റൊരു ലാലിഗ മത്സരത്തിൽ ഒസാസുന 3-1 വലൻസിയയെ കീഴടക്കി. ഒായ്ർ, റൂബൻ ഗാർഷ്യ, എസ്തുവിനാൻ എന്നിവരാണ് ഒസാസുനയ്ക്ക് വേണ്ടി സ്കോർ ചെയ്തത്.
ആരാധകരുമായി
അടിയുണ്ടാക്കി ഷാക്ക
ലണ്ടൻ : കഴിഞ്ഞരാത്രി ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിനിടെ ഗാലറിയിലിരുന്ന് തന്നെ കൂവിയ ആരാധകരുമായി കയർത്ത് ആഴ്സനൽ ക്യാപ്ടൻ ഗ്രാനിറ്റ് ഷാക്ക. 60-ാം മിനിട്ടിൽ ഷാക്കയെ പിൻവലിച്ച് സക്കയെ ആഴ്സനൽ കളത്തിലിറക്കിയിരുന്നു. മത്സരത്തിൽ നിരാശപ്പെടുത്തിയ ഷാക്കയെ പിൻവലിച്ചപ്പോൾ ആരാധകർ കൈയടിച്ചിരുന്നു. ഇത് താരത്തെ പ്രകോപിതനാക്കി. തിരിച്ചുനടക്കുന്നതിനിടയിൽ കുപിതനായി ഷർട്ടൂരിയ ഷാക്ക കയർത്തപ്പോൾ ആരാധകർ കൂവി വിളിക്കുകയും ചെയ്തു.
പോഗ്‌ബ ഡിസംബർ
വരെ കളിക്കില്ല
ലണ്ടൻ : കാൽക്കുഴയ്ക്ക് പരിക്കേറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് ഡിസംബർ വരെ കളിക്കാൻ കഴിയില്ലെന്ന് പരിശീലകൻ ഒലേ ഗുണാർസോൾഷ്യർ അറിയിച്ചു. സെപ്തംബർ 30ന് ആഴ്സനലിനെതിരായ പ്രിമിയർ ലീഗ് മത്സരത്തിലാണ് പോഗ്ബ അവസാനമായി മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചത്.
പി.എസ്.ജിക്ക് ജയം
പാരീസ് : ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ മുൻനിരക്കാരായ പാരീസ് എസ്.ജി 4-0 ത്തിന് ഒളിമ്പിക് മാഴ്സയെ തകർത്തു. മൗറോ ഇക്കാർഡിയും കൈലിയൻ എംബാപ്പെയും ഇരട്ട ഗോളുകൾ നേടി.