. ടോട്ടൻ ഹാമിനെ തോൽപ്പിച്ച് ലിവർപൂൾ ഒന്നാംസ്ഥാനം
സുരക്ഷിതമാക്കി
.മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. ആഴ്സനലിന് സമനില
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടോട്ടൻ ഹാമിനെ തകർത്ത ലിവർപൂൾ ആറ് പോയിന്റ് ലീഡിൽ പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു.
ലിവർപൂളിന്റെ തട്ടകമായ ആൻ ഫീൽഡിൽ നടന്ന മത്സരത്തിന്റെ ആദ്യ മിനിട്ടിൽ തന്നെ ക്യാപ്ടൻ ഹാരി കേനിലൂടെ ടോട്ടൻഹാം മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ഇൗ ഗോളിന് ടോട്ടൻ ഹാം ലീഡ് ചെയ്യുകയും ചെയ്തു. രണ്ടാംപകുതിയിൽ യോർദാൻ ഹെൻഡേഴ്സണും മുഹമ്മദ് സലായും നേടിയ ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ വിജയം. ഹെൻഡേഴ്സൺ 52 -ാംമിനിട്ടിലും സലാ 75-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നുമാണ് സ്കോർ ചെയ്തത്.
ഇൗ വിജയത്തോടെ ലിവർപൂളിന് പത്ത് മത്സരങ്ങളിൽനിന്ന് 28 പോയിന്റായി. 22 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നോർവിച്ചിനെ തോൽപ്പിച്ചു. 21-ാം മിനിട്ടിൽ മക്ടോമിനേയ്, 30-ാം മിനിട്ടിൽ റാഷ്ഫോഡ്, 73-ാം മിനിട്ടിൽ അന്തോണി മർഷ്യൽ എന്നിവരാണ് മാഞ്ചസ്റ്ററിനായി സ്കോർ ചെയ്തത്.
അതേസമയം ആഴ്സനൽ 2-2ന് ക്രിസ്റ്റൽ പാലസുമായി സമനില വഴങ്ങി. ഏഴാം മിനിട്ടിൽ പാസ്തതത്തോ പൗലോസിലൂടെ ആഴ്സനലാണ് ആദ്യം മുന്നിലെത്തിയത്. ഒൻപതാം മിനിട്ടിൽ ഡേവിഡ് ലൂയിസും സ്കോർ ചെയ്തു. എന്നാൽ 32-ാം മിനിട്ടിൽ മിൽവോയെവിച്ച് പെനാൽറ്റിയിൽനിന്നും 52-ാം മിനിട്ടിൽ അയ്യു അല്ലാതെയും നേടിയ ഗോളുകൾ ആഴ്സനലിനെ സമനിലയിലാക്കി.
മത്സരഫലങ്ങൾ
ലിവർപൂൾ 2- ടോട്ടൻ ഹാം 1
മാഞ്ച. യുണൈറ്റഡ് 3-നോർവിച്ച് 1
ആഴ്സനൽ 2- ക്രിസ്റ്റൽ പാലസ് 2
പോയിന്റ് നില
ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ
ലിവർപൂൾ 10-28
മാൻ. സിറ്റി 10-22
ലെസ്റ്റർ 10-20
ചെൽസി 10-20
ആഴ്സനൽ 10-16