ഉള്ളൂർ: സർക്കാർ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി തല മൊട്ടയടിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രധാനപ്രതി മെഡിക്കൽ കോളേജ് പൊലീസിൽ കീഴടങ്ങി. കോരാണി കാർ ബസാർ ഉടമ സജാദാണ് കീഴടങ്ങിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം നൽകി. കൂട്ടുപ്രതികളായ മാമം കിഴുവില്ലം എസ്.ജെ മൻസിലിൽ ഷിനാസ് (18), കിഴുവില്ലം കുറക്കട അണ്ടൂർ എൽ.പി.എസിന് പിറകുവശം ബൈത്തൂൽ ഇമാൻ വീട്ടിൽ മുഹമ്മദ് അസ്ലം (19) എന്നിവരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. മൂന്ന് മാസം മുമ്പായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ആക്രമണത്തിന് ഇരയായ കുട്ടി ഇതേ സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ബന്ധുക്കളാണ് അക്രമം നടത്തിയത്. സ്‌കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിയെ തടഞ്ഞുനിറുത്തി വാഹനത്തിൽ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് കത്തി കൊണ്ട് തല മൊട്ടയടിക്കുകയും ആസിഡ് ഒഴിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ പകർത്തുകയും ചെയ്‌തെന്നുമാണ് പരാതി.