കല്ലമ്പലം: കിളിമാനൂർ ബ്ലോക്കിലെ ഏറ്റവും വലിയ പഞ്ചായത്തായ നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം രോഗാവസ്ഥയിൽ ആയിട്ട് നാളേറെയായി. ദിനം പ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്.

സാമ്പത്തിക ഭദ്രതയുള്ളവർ സ്വകാര്യ ആശപത്രികളിലും മറ്റും ചികിത്സതേടുമ്പോൾ പാവപ്പെട്ട രോഗികളുടെ കാര്യം കഷ്‌ടത്തിലുമായി.

രണ്ടു നിലയുള്ള ആരോഗ്യ കേന്ദ്രത്തിൽ ഒന്നാം നിലയിൽ ഡോക്ടർ, ഫാർമസിസ്റ്റ്, ലാബ്, പാലിയേറ്റീവ് കെയർ ബ്ലോക്കുകൾ പ്രവർത്തിക്കുന്നു. രണ്ടാം നിലയിൽ ഓഫീസും, ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത് നഴ്സ് എന്നിവരുടെ ഓഫീസുമാണ്.

ഗ്രാമപഞ്ചായത്തിന് കീഴിൽ വരുന്ന ആരോഗ്യകേന്ദ്രം പഞ്ചായത്തിനോട് ചേർന്നാണെങ്കിലും ഭരണ സമിതി ശ്രദ്ധിക്കുന്നില്ല. മരുന്ന് വാങ്ങികൊടുക്കുന്നതിലും പി.എച്ച്.സി പ്രവർത്തനങ്ങൾ മോണിറ്ററിംഗ് നടത്തുന്നതിലും പഞ്ചായത്ത് സമ്പൂർണ പരാജയം. സ്റ്റാഫുകൾ കൃത്യമായി വരുന്നുണ്ടോന്നു പോലും ആരും ശ്രദ്ധിക്കാറില്ല. രോഗികളിൽ ഏറിയ പങ്കും പള്ളിക്കൽ സി.എച്ച്.സിയിലാണ് പോകുന്നത്. നാവായിക്കുളം പി.എച്ച്.സിയുടെ പ്രവർത്തനം പരിതാപകരമായി മുന്നോട്ട് പോകുമ്പോഴും ജനപ്രതിനിധികളും പൊതുപ്രവർത്തകരും തിരിഞ്ഞു നോക്കാതെ നിശ്ശബ്ദത പാലിക്കുകയാണ്

navaikulam-phc