തിരുവനന്തപുരം : വി.കെ. പ്രശാന്ത് രാജിവച്ച ഒഴിവിൽ നഗരസഭാ മേയർ സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നീക്കം നിരീക്ഷിച്ച ശേഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള തീരുമാനത്തിൽ സി.പി.എം. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച ചർച്ചകളൊന്നും നടന്നില്ലെന്നാണ് വിവരം. പൊതുസമ്മതനെ കളത്തിലിറക്കി അട്ടിമറി നടത്താനുള്ള പ്രതിപക്ഷ നീക്കം വരുംദിവസങ്ങളിൽ പരാജയപ്പെടുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. തുടർന്ന് സി.പി.എം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് തീരുമാനം. മേയർ രാജിവച്ചാൽ 15 ദിവസത്തിനകം അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ച് അടുത്തമാസം 8 വരെ സമയമുണ്ട്. അതിനാൽ തിരക്കിട്ട പ്രഖ്യാപനം വേണ്ടെന്നാണ് തീരുമാനമെന്ന് ചില നേതാക്കൾ പറഞ്ഞു. പൊതുസമ്മതനായുള്ള പ്രതിപക്ഷ ശ്രമം ഊർജിതമായി നടക്കുമ്പോഴും സി.പി.എം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നേരത്തേതന്നെ മേയർസ്ഥാനത്തേക്ക് പരിഗണിച്ച ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറാണ് പട്ടികയിൽ ഒന്നാമൻ. പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി. ശിവജിയെയാണ് രണ്ടാമതായി പരിഗണിക്കുന്നത്. ഇരുവരും ഏരിയാകമ്മിറ്റി അംഗങ്ങളാണ്. സി.പി.എം ജില്ലാ കമ്മിറ്റിയോഗം തീരുമാനമെടുത്തശേഷം ജില്ലാ എൽ.ഡി.എഫിൽ പേര് അവതരിപ്പിക്കും.