sports-news-in-brief
hamilton

മെക്സിക്കോ സിറ്റി : മെക്സിക്കൻ ഗ്രാൻപ്രീ ഫോർമുല വൺ റേസിൽ മെഴ്സിഡസിന്റെ ഡ്രൈവർ ലെവിസ് ഹാമിൽട്ടൺ ജേതാവായി. ഇൗ സീസണിലെ പത്താമത്തെ ഗ്രാൻപ്രീയിലാണ് ഹാമിൽട്ടൺ വിജയിക്കുന്നത്. ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലിനെയും മെഴ്സിഡസിന്റെ വൾട്ടേരി ബൊട്ടാസിനെയും മറികടന്നാണ് മെക്സിക്കോയിൽ ഹാമിൽട്ടൺ കിരീടം നേടിയത്. മെക്സിക്കോയിൽ ഇത് രണ്ടാംതവണ കിരീടമുയർത്തിയ ഹാമിൽട്ടൺ കരിയർ ഗ്രാൻപ്രീ വിജയങ്ങളുടെ എണ്ണം 83 ആയി ഉയർത്തി. ഫോർമുല വൺ റേസിൽ മെഴ്സിഡസിന്റെ 100-ാം ഗ്രാൻപ്രീ നേട്ടവുമായിരുന്നു ഇത്.

ഗാംഗുലി ദ്രാവിഡിനെ കാണും

മുംബയ് : ജൂനിയർ തലത്തിൽ ക്രിക്കറ്റിൽ നടപ്പിലാക്കേണ്ടുന്ന മാറ്റങ്ങളെക്കുറിച്ച് പുതിയ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തന്റെ മുൻ സഹതാരവും നിലവിൽ ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനുമായ രാഹുൽ ദ്രാവിഡുമായി ചർച്ച നടത്തും. നാളെ ബംഗളൂരുവിൽ വച്ചാണ് ചർച്ച.

സ്വിറ്റോളിനയ്ക്ക് വിജയം

ഷെൻസെൻ : ചൈനയിൽ നടക്കുന്ന ഡബ്‌ള്യുയു.ടി എ ഫൈനൽസ് ടെന്നിസ് ടൂർണമെന്റിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ എലിന സ്വിറ്റോളിന ലോക രണ്ടാംനമ്പർ താരം കരോളിന പ്ളിസ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കി. സ്കോർ 7-6 (14/12), 6-4. പ്ളിസ്കോവയ്ക്കെതിരെ സ്വിറ്റോളിനയുടെ തുടർച്ചയായ നാലാം ജയമാണിത്.

ജോഷ്‌ന പ്രീക്വാർട്ടറിൽ

കെയ്റോ : ഇൗജിപ്തിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ജോഷ്ന ചിന്നപ്പ വനിതാസിംഗിൾസ് പ്രീക്വാർട്ടറിലെത്തി. ഇന്നലെ നടന്ന മത്സരത്തിൽ ഹോംഗ്കോംഗിന്റെ ഹൊ സെ ലോക്കിനെയാണ് കീഴടക്കിയത്. പ്രീക്വാർട്ടറിൽ ഇൗജിപ്തിന്റെ നൂർ എൽ ഷെർബിനിയാണ് ജോഷ്‌നയുടെ എതിരാളി.

പാകിസ്ഥാന് യോഗ്യതയില്ല

ആംസ്റ്റർഡാം : ഹോളണ്ടിൽ നടന്ന ഹോക്കി ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ ആതിഥേയരോട് 6-1ന് തോറ്റ് പുറത്തായ പാകിസ്ഥാന് ഒളിമ്പിക് യോഗ്യത നേടാനുള്ള സാധ്യത നഷ്ടമായി. മൂന്നുതവണ ഒളിമ്പിക് സ്വർണം പാകിസ്ഥാൻ നേടിയിട്ടുണ്ട്.