തിരുവനന്തപുരം: ശ്രീവരാഹത്തിനു സമീപം സ്വർണ വ്യാപാരിയെ ആക്രമിച്ച് ഒന്നരക്കിലോ സ്വർണം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ഒളിവിൽ കഴിഞ്ഞു വന്ന തൃശ്ശൂർ കുറ്റൂർ പുതുകുളങ്ങര വീട്ടിൽ ശരത്തിനെ (24) ആണ് തൃശ്ശൂരിൽ നിന്ന് ഫോർട്ട് പൊലീസ് പിടികൂടിയത്. ഈ കേസിലെ ഏഴ് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിലെ പ്രധാനിയും നാലാം പ്രതിയുമായ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണാഭരണങ്ങൾ ശരത് ഒളിപ്പിച്ചുവച്ചതായി വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കവർച്ച മുതൽ കണ്ടെത്താൻ ശരത്തിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു.