1

നേമം: കരമന-കളിയിക്കാവിള ദേശീയപാതയിൽ കിള്ളിപ്പാലം മുതൽ വെടിവച്ചാൻകോവിൽ വരെയുളള സ്ഥലങ്ങളിൽ റോഡിന്റെ ഇരുവശങ്ങളും കൈയേറിയുളള അനധികൃത വാഹന പാർക്കിംഗ് കാൽനട യാത്രികർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു.

പാത കൈയേറിയുളള വാഹന പാർക്കിംഗ് ബന്ധപ്പെട്ട അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഈ അവഗണന അപകടങ്ങൾ വർദ്ധിക്കാൻ കാരണമാകുകയാണ്. കിള്ളിപ്പാലം സ്വകാര്യ ആശുപത്രിക്ക് സമീപം ദേശീയ പാതയുടെ ഇരുവശങ്ങളിലും , കരമന ചന്തയുടെ മുൻ ഭാഗം എന്നീ റോഡുകൾ കൈയേറി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഈ മേഖല അപകടക്കെണിയാകുകയാണ്. കരമന പൊലീസ് സ്റ്റേഷൻ പരിധിയിൽ കിളളീപ്പാലം-ആറ്റുകാൽ ബണ്ട് റോഡിലെ അനധികൃത വാഹന പാർക്കിംഗിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ദേശീയപാത നിർമ്മാണ വേളയിൽ ഈ ഭാഗങ്ങൾ ഉയർത്തിയതോടെ വീടുകളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനാകാത്തതാണ് ഈ പ്രശ്നത്തിന് കാരണം.മാസങ്ങളായി നേമം പൊലീസ് വിവിധ കേസുകളിലായി പിടികൂടി കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സ്റ്റേഷനു മുന്നിൽ ദേശീയപാത കൈയേറി നിരത്തിയിടുന്നതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാകുകയാണ്. പൊലീസ് സ്റ്റേഷന് മുന്നിലായി ഏകദേശം 150 മീറ്റർ ദൂരത്തോളം ഇത്തരത്തിൽ അനധികൃത പാർക്കിംഗ് നടത്തുകയാണ്.ഇതിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് പൊതുജനാഭിപ്രായം.

നേമം ജംഗ്ഷൻ അപകട മേഖലയാകുന്നു:

കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നേമത്തിനും പാപ്പനംകോടിനുമിടയിൽ 2 അപകടമരണങ്ങളാണ് സംഭവിച്ചത്. ഇതിൽ ഒന്ന് ഇക്കഴിഞ്ഞ 25 ന് രാവിലെ 9 മണിയോടുകൂടി നേമം പേൊലീസ് സ്റ്റേഷന് എതിർവശത്ത് ദേശീയപാത അനധികൃതമായി കൈയേറി പാർക്ക് ചെയ്തിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുളള ലോറിയുടെ പിന്നിൽ സ്കൂട്ടർ ഇടിച്ച് നേമം സ്വദേശിയായ വയോധികൻ തൽക്ഷണം മരണപ്പെട്ടിരുന്നു. രണ്ടാമത്തേത് 24 വ്യാഴാഴ്ച രാത്രി 10.30 ന് പാപ്പനംകോട് ശ്രീരാഗം ആഡിറ്റേറിയത്തിന് സമീപം ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനട യാത്രികൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു.

പരിഹാര മാർഗ്ഗങ്ങൾ

1. ദേശീയപാതയിലെ തൊണ്ടി വാഹനങ്ങൾ നീക്കുക

2. അനധികൃത പാർക്കിംഗിന് പിഴയീടാക്കുക

3. പൊലീസ് നിരീക്ഷണം ശക്തമാക്കുക.

4. ദീർഘ ദൂരം സഞ്ചരിക്കേണ്ട ഹെവി വാഹനങ്ങൾക്ക് രാത്രികാലങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പടുത്തുക.

5.മോട്ടോർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ നിരീക്ഷണം ശക്തമാക്കുക.

6. നിരീക്ഷണ കാമറകൾ പ്രവർത്തന സജ്ജമാണോയെന്ന് ഉറപ്പുവരുത്തുക.

അനധികൃത പാർക്കിംഗ് ഇവിടെ

പാപ്പനംകോട് ജംഗ്ഷൻ

കാരയ്ക്കാമണ്ഡപം

വെളളായണി

നേമം

പ്രാവച്ചമ്പലം

പളളിച്ചൽ

1 വർഷം

(കരമനയ്ക്കും പളളിച്ചലിനുമിടയിൽ)

30 ലേറെ അപകടമരണങ്ങൾ

പരിക്കേറ്റവർ 100

പ്രതികരണം:

സിഗ്നൽ പോയിന്റിനു സമീപമുളള വാഹന പാർക്കിംഗ് തടയുക. സിഗ്നൽ പോയിന്റുകളിൽ സിഗ്നൽ കാത്തു കിടക്കുന്ന വാഹനങ്ങൾ സിഗ്നൽ ലഭിച്ചു കഴിഞ്ഞാൽ ഉടൻ ചീറിപ്പായുന്നത് തടയാൻ നടപടി സ്വീകരിക്കുക. നേമം പൊലീസ് സ്റ്റേഷനു മുന്നിൽ പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ സിഗ്നൽ പോയിന്റിൽ നിന്നും മാറ്റുക.

മണ്ണാങ്കൽ രാമചന്ദ്രൻ ,

ഫ്രാൻസ് ജനറൽ സെക്രട്ടറി.