fake-ips-officer-

ഗുരുവായൂർ: ഐ.പി.എസ് ഓഫീസർ ചമഞ്ഞ് വായ്പാതട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അന്വേഷിക്കുന്ന വിപിൻ കാർത്തിക് പോലീസിന്റെ കുടുംബസംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തതായി സൂചന. 2018 ഡിസംബറിൽ ടെമ്പിൾ സ്റ്റേഷന് സമീപത്തെ ഹോട്ടലിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിലാണ് ‘ഐ.പി.എസുകാരൻ’ പങ്കെടുത്തത്. പരിപാടിയ്ക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ച ഇയാൾ മത്സര പരീക്ഷകൾക്കും മറ്റും വിജയിച്ച വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവ്വഹിച്ചതായും പറയപ്പെടുന്നു.

സമൂഹത്തിൽ വളരെ ഉത്തരവാദപ്പെട്ട ജോലിയാണ് പോലീസുകാരുടേതെന്നായിരുന്നു പ്രസംഗത്തിൽ പറഞ്ഞത്. കുടുംബസംഗമത്തിൽ വിപിൻ പ്രസംഗിക്കുന്നതിന്റെയും സമ്മാനദാനത്തിന്റെയും ഫോട്ടോകൾ ടെമ്പിൾ പൊലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ പ്രത്യക്ഷപ്പെട്ടു. ചിത്രം പുറത്തുപോകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന നിർദേശത്തോടെയാണ് ഒരു പൊലീസുകാരൻ ചിത്രമിട്ടത്. പൊലീസ് വേഷം കെട്ടി തങ്ങളെ പറ്റിച്ച ഐ.പി.എസുകാരനെ കൈയ്യിൽ കിട്ടാത്തതിന്റെ രോഷം പൊലീസുകാർ കമന്റുകളിലൂടെ തീർത്തു. ‘നമ്മെ വിഡ്ഢികളാക്കിയ ഐ.പി.എസുകാരൻ’ ഒരു പൊലീസുകാരന്റെ കമന്റ്. ‘അന്നേ എനിക്ക് സംശയം തോന്നിയിരുന്നുവെന്ന്’ വേറൊരു പോലീസുകാരൻ.

ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന തിരിച്ചറിയൽ കാർഡ് ചോദിക്കണമായിരുന്നുവെന്ന് ഒരാൾ പോസ്റ്റിയപ്പോൾ, ‘ഇനി ശരിക്കും ഐ.പി.എസുകാരനാണെങ്കിൽ പണി എപ്പോ കിട്ടീന്ന് പറഞ്ഞാൽ മതി’യെന്നാണ് മറ്റൊരാളുടെ മറുപടി. ചർച്ചകൾ ചൂടേറിയപ്പോൾ ‘ഇയാൾ പ്രസംഗിക്കുന്ന ചിത്രം പെട്ടെന്ന് ഡിലീറ്റ് ചെയ്യണം, മറ്റൊരു ഗ്രൂപ്പിലേക്കും ഷെയർ ചെയ്തുപോകരുതെന്ന് 'ടെമ്പിൾ സ്റ്റേഷനിലെ ഉയർന്ന ഉദ്യോഗസ്ഥന്റെ നിർദേശം വന്നു. അതോടെ ‘ഐ.പി.എസുകാരന്റെ’ ചിത്രം അപ്രത്യക്ഷമായി.

ജമ്മുകശ്‌മീരിൽ ഐ.പി.എസ്. ഓഫീസർ ട്രെയിനിയാണെന്നു പറഞ്ഞ് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിൽ പലതവണ വിപിൻ കാർത്തിക് വന്നതായാണ് വിവരം. അപ്പോഴെല്ലാം പോലീസുകാർ സല്യൂട്ട് നൽകി ബഹുമാനിക്കുകയും സത്കരിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് പൊലീസിന്റെ കുടുംബസംഗമത്തിൽ ഇയാൾ ക്ഷണിക്കപ്പെട്ടത്. വ്യാജശമ്പള സർട്ടിഫിക്കറ്റുണ്ടാക്കി ബാങ്കുകളിൽനിന്ന് വായ്പയെടുത്ത് വിപിൻ കാർത്തിക് നടത്തിയ തട്ടിപ്പുകഥകൾ പുറത്തുവന്നതോടെ കുടുംബസമ്മേളനത്തിന്റെ സംഘാടകർക്ക് നാണക്കേടായി.

ട്രാഫിക്ക് പൊലീസുകാരനെ ഭീഷണിപ്പെടുത്തി

ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന പേരിൽ വിപിൻ കാർത്തിക് ട്രാഫിക് പൊലീസുകാരനെയും ഭീഷണിപ്പെടുത്തിയെന്ന വിവരവും പുറത്തുവന്നു. മാസങ്ങൾക്കുമുമ്പ് ഗുരുവായൂർ ബസ് സ്റ്റാൻഡിനടുത്തായിരുന്നു സംഭവം. സ്റ്റാൻഡിനടുത്ത സൂപ്പർ മാർക്കറ്റിനു മുന്നിൽ വിപിന്റ കാർ ഒരു കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിൽ തട്ടി. ബൈക്ക് യാത്രികർ ചോദ്യംചെയ്തപ്പോൾ അവരോട് കയർക്കുന്നതു കണ്ടാണ് അവിടെയുള്ള ട്രാഫിക്ക് പൊലീസുകാരൻ വന്നത്. താൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ട്രാഫിക്ക് പൊലീസുകാരനെ തള്ളുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ അന്ന് പ്രചരിച്ചിരുന്നെങ്കിലും ആരും അന്വേഷിക്കാൻ കൂട്ടാക്കിയിരുന്നില്ല.