kerala-legislative-assemb

 സമാധാനത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന മാനസികാവസ്ഥയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അങ്ങേയറ്റം വിനയാന്വിതനായ ശേഷവും പ്രതിപക്ഷം അദ്ദേഹത്തിൽ സമാധാനധ്വംസകനെ മാത്രം ദർശിച്ചാൽ എന്താകും സ്ഥിതി? സഭാതലത്തിലാകുമ്പോൾ സ്പീക്കർക്ക് സമാധാനം പോയിക്കിട്ടും. അത് സഭയുടെ സമാധാനക്കേടാവും. അതുതന്നെയുണ്ടായി. തുടർച്ചയായ രണ്ടാം ദിവസത്തെ സമ്മേളനവും അങ്ങനെ 'ജഗപൊഗ'!

താനൂരിൽ മുസ്ലിംലീഗ് പ്രവർത്തകൻ ഇസഹാഖിന്റെ കൊലപാതകമാണ് എം.കെ. മുനീറിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം അടിയന്തരപ്രമേയമായി കൊണ്ടുവന്നത്. കൊലപാതകം പോലും ഇത്ര നികൃഷ്ടമായി ചെയ്യാൻ നിങ്ങൾക്കെങ്ങനെ കഴിയുന്നു എന്ന് മുനീർ ചോദിച്ചതിലെന്തോ പന്തികേട് തോന്നിപ്പോയി. കൊലപാതകം മാന്യമായി നടത്താനറിയില്ലേയെന്നാവുമോ വ്യംഗ്യം? ഏതായാലും ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ആരും ആ വഴിക്ക് കാടുകയറി ചിന്തിച്ചില്ലെന്ന് സമാധാനിക്കാം.

നിങ്ങൾക്ക് സമാധാനം വേണ്ട, സമാധാനത്തിലൂടെ ആ പാർട്ടിക്ക് വളരാനാവില്ല എന്നാണ് സി.പി.എമ്മിനെക്കുറിച്ചുള്ള മുനീറിന്റെ നിരീക്ഷണം. കൂടത്തായിയിലെ ഓരോ കൊലപാതകം നടക്കുമ്പോഴും ജോളിയുടെ സാന്നിദ്ധ്യമുണ്ടായി എന്നത് പോലെ, കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോഴൊക്കെ ഒരു സി.പി.എം നേതാവിന്റെ സാന്നിദ്ധ്യവുമുണ്ടാകുന്നുവെന്ന് മുനീറിലെ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ കണ്ടെത്തി. പി. ജയരാജൻ താനൂരിലെത്തിയതിന് പിറ്റേന്ന് ഈ ആക്രമണത്തിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് തൊട്ടുപിന്നാലെ ആരോപിച്ചു.

മുനീർസാഹിബ് സിനിമാ തിരക്കഥ പോലെ അവതരിപ്പിച്ചത് കേൾക്കാൻ ഇമ്പമുള്ളതായിരുന്നുവെന്ന് താനൂർ അംഗമായ വി. അബ്ദുറഹ്‌മാൻ നിരൂപണം ചെയ്തത് പ്രതിപക്ഷത്തിന് സഹിച്ചില്ല. കൊലപാതകം ഇമ്പമുള്ളതോ എന്നവർ അവരുടേതായ വ്യാഖ്യാനം ചമച്ചപ്പോൾ ഒരു കോലാഹലം തന്നെയുണ്ടായി. എൻ. ഷംസുദ്ദീനും മറ്റും ഓടി നടുത്തളത്തിലേക്കെത്തി.

ഈ പ്രകോപനങ്ങൾക്കെല്ലാം അതീതനായി നിൽക്കുന്ന ശാന്തസ്വരൂപനായാണ് മുഖ്യമന്ത്രിയെ പക്ഷേ കാണപ്പെട്ടത്. സമാധാനത്തിന്റെ വെള്ളരിപ്രാവിനെപ്പോലെ അദ്ദേഹം വാചാലനായി. ഭരണത്തിലിരിക്കുന്നവർ കൂടുതൽ സമാധാനം ആഗ്രഹിക്കുന്നവരാകണമെന്ന മുനീറിന്റെ വാദഗതി അദ്ദേഹം ശരിവച്ചുകൊടുത്തു. സമാധാന അന്തരീക്ഷമില്ലെങ്കിൽ ജനങ്ങളുടെ മുന്നിൽ പറയേണ്ട ഒട്ടനവധി കാര്യങ്ങൾ പറയാനാവാതെ വരുമെന്നാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം.

താനൂർ കൊലക്കേസിൽ പ്രത്യേകാന്വേഷണത്തിന് വരെ തയ്യാറാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അതുൾക്കൊള്ളാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയായി അദ്ദേഹം സി.പി.എമ്മിനെ വിലയിരുത്തി. എല്ലാ നിയമസഭാസമ്മേളനത്തിലും രാഷ്ട്രീയ കൊലപാതകക്കേസിന് അടിയന്തരപ്രമേയം കൊണ്ടുവരേണ്ടി വരുന്നതിൽ സങ്കടം പൂണ്ടു. ഏറ്റവുമൊടുവിലത്തെ മാവോയിസ്റ്റ് വധം വരെ പറഞ്ഞ് പ്രതിപക്ഷനേതാവ് കറങ്ങിനിന്നപ്പോഴേ സംഗതിയുടെ വശക്കേട് മന്ത്രി ഇ.പി. ജയരാജന് പിടികിട്ടി. സമാധാനം കാത്തുസൂക്ഷിക്കാനുള്ള ഇടപെടൽ മുഖ്യമന്ത്രി ഉറപ്പ് പറഞ്ഞിട്ടും അത് നിരാകരിക്കാനല്ലേ പ്രതിപക്ഷനേതാവിന്റെ പ്രസംഗം ഉപകരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിഷ്കളങ്കമായ ചോദ്യം. പ്രതിപക്ഷനേതാവിന്റെ മനസ് ആടിയില്ല. തൊട്ടുപിന്നാലെ കൈയിൽ കരുതിയ ബാനറുമേന്തി ലീഗംഗങ്ങൾ മുന്നിലും ബാക്കിയുള്ളവർ പിന്നിലുമായി നടുത്തളത്തിലേക്ക്. 'അരിവാൾ പാർട്ടി ഗുണ്ടാ പാർട്ടി, അരിവാൾ പാർട്ടി അറുകൊല പാർട്ടി'യെന്ന പരിഷ്കരിച്ച മുദ്രാവാക്യം കോറസ്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട കെ. ദാസന്റെ ശ്രദ്ധക്ഷണിക്കലിന് ബഹളത്തിനിടയിൽ മന്ത്രി മേഴ്സിക്കുട്ടിഅമ്മ മറുപടി നൽകി. ഉപധനാഭ്യർത്ഥന സ്റ്റേറ്റ്മെന്റുൾപ്പെടെ ബാക്കിയെല്ലാം മേശപ്പുറത്തേക്ക് പാഞ്ഞു. സെക്കൻഡ് വച്ച് രണ്ട് ബില്ലുകൾ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.