അട്ടപ്പാടി വനാന്തരത്തിൽ തിങ്കളാഴ്ച നട്ടുച്ചയ്ക്കു നടന്ന ഓപ്പറേഷനിൽ ഒരു വനിതയടക്കം നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം ഒരിക്കൽക്കൂടി ഒട്ടധികം സംശയങ്ങൾക്കിടയാക്കിയിരിക്കുന്നു. മാവോ വേട്ടയ്ക്കായി മാത്രം രൂപീകൃതമായ തണ്ടർബോൾട്ട് സംഘവുമായി നേർക്കുനേർ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് സംഘത്തിലുണ്ടായിരുന്ന നാലുപേർ വെടിയേറ്റു മരിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. ഏറ്റുമുട്ടൽ നേർക്കുനേരെയായിട്ടും മാവോയിസ്റ്റുകൾക്കു മാത്രമാണ് ജീവഹാനി സംഭവിച്ചതെന്നത് ഏറെ ശ്രദ്ധേയമാണ്. തമിഴ്നാട് സ്വദേശികളായ കാർത്തിക്, മാണിക്യവാസകം, കർണാടകക്കാരായ സുരേഷ്, ശ്രീമതി എന്നിവരാണ് കമാൻഡോ സേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മാണിക്യവാസകം വെടിയേറ്റ് പരിക്കോടെ രക്ഷപ്പെട്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം.
ഇയാളുടെ മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. സംഘത്തിലെ മറ്റൊരാൾക്കു കൂടി വെടിയേറ്റിട്ടുണ്ടെന്നും അയാൾ ഉൾക്കാടുകളിലേക്കു രക്ഷപ്പെടുകയായിരുന്നുവെന്നും പറയപ്പെടുന്നു. മാവോയിസ്റ്റുകളുടെ സംഘത്തിൽ എത്ര പേരുണ്ടായിരുന്നു എന്നതു സംബന്ധിച്ച് വ്യത്യസ്ത കണക്കാണ് ലഭിക്കുന്നത്. ഏഴുപേരെന്നും ഒൻപതു പേരെന്നും അഞ്ചുപേരെന്നുമൊക്കെയാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്നു ആദ്യം ലഭിച്ച സൂചന. വനമദ്ധ്യത്തിലെ ഒളിത്താവളത്തിൽ പ്രഭാതഭക്ഷണത്തിനു ശേഷം വിശ്രമിക്കുകയായിരുന്ന സംഘത്തെ തണ്ടർബോൾട്ട് ദൗത്യസംഘം വളയവെയാണത്രെ ഏറ്റുമുട്ടൽ. ആയുധധാരികളായിട്ടും മാവോയിസ്റ്റുകൾ പ്രത്യാക്രമണത്തിനു മുതിർന്നില്ലെന്നു കരുതാനാവില്ല. അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ തണ്ടർബോൾട്ട് സംഘത്തിലെ ആർക്കെങ്കിലും നിസാര പരിക്കെങ്കിലും സംഭവിക്കേണ്ടതല്ലേ എന്ന കാതലായ ചോദ്യവും ഉയരുന്നുണ്ട്. എ.കെ 47 തോക്കുമായി നടക്കാറുള്ള മാവോയിസ്റ്റുകൾ ദൗത്യസംഘത്തെ കണ്ടപ്പോൾ പഠിച്ച വിദ്യയൊക്കെ പൊടുന്നനെ മറന്നുപോയെന്നു കരുതാൻ ബുദ്ധിമുട്ടാണ്. യഥാർത്ഥ വിവരങ്ങൾ വെളിപ്പെടുത്താൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കാണിക്കുന്ന വൈക്ളബ്യം ജനങ്ങൾക്കിടയിൽ സംശയങ്ങൾ ബലപ്പെടുത്താനേ ഉപകരിക്കൂ.
വനവാസികൾക്കും കാട്ടുമൃഗങ്ങൾക്കും മാത്രം ചെന്നുപറ്റാവുന്ന ഉൾവനത്തിൽ നടന്ന ഏറ്റുമുട്ടലിനെക്കുറിച്ച് പൊലീസ് നൽകുന്ന വിവരങ്ങളേ ഉള്ളൂ. അവർ നൽകിയ വിവരങ്ങളിലാകട്ടെ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടുതാനും. മാവോയിസ്റ്റുകളെ കണ്ട മാത്രയിൽ വെടിവച്ചുകൊല്ലുക എന്ന മനുഷ്യത്വരഹിതമായ സമീപനത്തോട് ഇന്നത്തെ കാലത്ത് അധികം പേരും യോജിച്ചെന്നുവരില്ല. പ്രത്യേകിച്ചും എടുത്തുപറയത്തക്ക ഭീഷണിയൊന്നും അവരുടെ ഭാഗത്തുനിന്ന് ഇവിടെ ഉണ്ടാകാത്ത പശ്ചാത്തലത്തിൽ. നഗര ഗ്രാമ വ്യത്യാസമില്ലാതെ അക്രമികളും പിടിച്ചുപറിക്കാരും കൊള്ളസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും പലവിധ മാഫിയാ സംഘങ്ങളും ഉയർത്തുന്ന ഭീഷണി വച്ചുനോക്കിയാൽ ഉൾക്കാടുകളിൽ ഒറ്റപ്പെട്ട് കഴിയുന്ന മാവോയിസ്റ്റുകളുടെ ചെറുഗ്രൂപ്പുകൾ ഒരു വെല്ലുവിളിയേ ആകുന്നില്ല എന്നതാണ് പരമാർത്ഥം. ഇവരെ ഉന്മൂലനം ചെയ്യാനായി സൃഷ്ടിച്ച തണ്ടർബോൾട്ട് കമാൻഡോ സേനയ്ക്ക് മാത്രമാണ് അവർ ഇടയ്ക്കിടെ ഭീഷണിയാകുന്നത്. എൽ.ഡി.എഫ് സർക്കാർ നിലവിൽ വന്നശേഷം ഇത് മൂന്നാമത്തെ തവണയാണ് പൊലീസ് സേനയുടെ തോക്കിന് മാവോയിസ്റ്റുകൾ ഇരയാകുന്നത്. 2016 നവംബർ 24-ന് നിലമ്പൂരിൽ മാവോയിസ്റ്റ് നേതാക്കളായ കുപ്പുസ്വാമിയും അജിതയും കൊല്ലപ്പെട്ടിരുന്നു. ഇതും ഏറ്റുമുട്ടൽ കൊലയായാണ് ചിത്രീകരിക്കപ്പെട്ടത്. ഇക്കഴിഞ്ഞ മാർച്ച് ഏഴിന് വയനാട്ടിലെ വൈത്തിരിയിലുള്ള റിസോർട്ടിലാണ് മറ്റൊരു ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് ഗ്രൂപ്പിലെ ജലീൽ എന്നൊരാൾ അന്ന് അവിടെ പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ വെടിയേറ്റു മരിച്ചു. ഈ രണ്ട് സംഭവങ്ങളിലും വിവേചനരഹിതമായ പെരുമാറ്റമാണ് പൊലീസിന്റെ ഭാഗത്തുണ്ടായതെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ഊരുവാസികൾക്ക് പരിചിതരാണ് തിങ്കളാഴ്ച കൊല്ലപ്പെട്ട മാവോയിസ്റ്റ് സംഘത്തിലുള്ളവർ. ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മദ്ധ്യപ്രദേശ്, ബീഹാർ, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെപ്പോലെ മാവോയിസ്റ്റ് ഗ്രൂപ്പുകൾ ഇവിടെ സജീവമോ ശക്തരോ ആണെന്നു പറയാനാവില്ല. കഴിഞ്ഞ കുറെ നാളുകൾക്കിടെ പൊതുജീവിതത്തിന് അവർ ഗൗരവമായ ഭീഷണി ഉയർത്തിയതായി ആരും കേട്ടിട്ടുമില്ല. ആ നിലയ്ക്ക് കണ്ടമാത്രയിൽ വെടിവച്ചു കൊല്ലാൻ പാകത്തിൽ അവർ എന്തു പാതകമാണ് ചെയ്തതെന്നറിയില്ല. കാരണങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ട ചുമതല സർക്കാരിനുണ്ട്.
പരാജയപ്പെട്ട പാതയിലൂടെയാണ് തങ്ങളുടെ യാത്രയെന്ന് ബോദ്ധ്യമായിട്ടും ജനങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും പാടെ അകന്ന് ഉൾക്കാടുകളിലും മലകളിലുമായി ഒളിജീവിതം നയിച്ച് രാജ്യത്ത് വിപ്ളവം കൊണ്ടുവരാമെന്ന മൂഢസ്വപ്നം മാവോയിസ്റ്റ് ഗ്രൂപ്പുകൾ ഉപേക്ഷിക്കേണ്ട കാലമായി. വ്യവസ്ഥിതിക്കെതിരെ പോരാടാൻ സമൂഹത്തിന്റെ ഭാഗമാവുകയാണ് ആദ്യം വേണ്ടത്. കാട്ടിൽ കൂരകെട്ടി താമസിച്ചാൽ എന്തു മാറ്റം വരുത്താനാവുമെന്ന് അവർ ചിന്തിക്കേണ്ടിയിരിക്കുന്നു. മാവോയിസ്റ്റുകളെ പൊതുധാരയിലേക്കു കൊണ്ടുവരാൻ സർക്കാരും രാഷ്ട്രീയക്കാരും കൂടുതൽ താത്പര്യം കാണിക്കണം.
നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവം സമൂഹ മന: സാക്ഷിയെ വേദനിപ്പിക്കുന്നതു തന്നെയാണ്. ഇത്രയേറെ നിർദ്ദയമായ നടപടി ആവശ്യപ്പെടും വിധത്തിലുള്ള ഒരു പശ്ചാത്തലം സംസ്ഥാനത്ത് എവിടെയെങ്കിലും ഉള്ളതായി തോന്നുന്നില്ല. തണ്ടർബോൾട്ട് സേനയുടെ ദൗത്യം മാവോയിസ്റ്റുകളുടെ വേരറുക്കുക എന്നതാകാം. എന്നാൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കും വിധം ഒരു നരനായാട്ടു നടത്താൻ അവരെ അനുവദിക്കരുത്. നിയമവും നീതിയും പുലരേണ്ട സമൂഹത്തിൽ ഇമ്മാതിരിയുള്ള പ്രവൃത്തി പ്രാകൃതവും അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. തീവ്രവാദി - വിധ്വംസക പ്രവർത്തനങ്ങൾ അടിച്ചൊതുക്കേണ്ടതു തന്നെയാണെങ്കിലും അതിനു സ്വീകരിക്കുന്ന മാർഗം നിയമവിരുദ്ധമോ മനുഷ്യത്വത്തിനു നിരക്കാത്തതോ ആകരുത്.