തിരുവനന്തപുരം: വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നോട്ടീസ് പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിടുമെന്നും നികുതി വകുപ്പ് ഉദ്യോഗസ്ഥരെ വഴി തടയുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമ്മല രാമചന്ദ്രൻ പറഞ്ഞു. പ്രളയസെസ് പിൻവലിക്കുക, വാറ്റ് നികുതിയുടെ പേരിൽ വ്യാപാരികൾക്ക് നോട്ടീസ് നൽകുന്ന നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ കടയടപ്പ് സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിലെ വ്യാപാരിയുടെ ആത്മഹത്യയ്‌ക്ക് കാരണക്കാരായവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണം. ഒരൊറ്റ ഇന്ത്യ ഒരൊറ്റ നികുതി എന്നതിന് വിരുദ്ധമായി രാജ്യത്ത് ഇവിടെ മാത്രമാണ് സെസ് പിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിന് വ്യാപാരികൾ പങ്കെടുത്തു. ഗണേഷ് ചന്ദ്രൻ, വെള്ളറട രാജേന്ദ്രൻ, വൈ. വിജയൻ, ജോഷിബാസു, പാലോട് കുട്ടപ്പൻനായർ തുടങ്ങിയവർ സംസാരിച്ചു.