തിരുവനന്തപുരം ∙ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഒ.ബി.സി. പ്രീമെട്രിക് സ്കോളർഷിപ്പിന്റെ മാനദണ്ഡങ്ങളിലുള്ള വിവേചനങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സെക്രട്ടേറിയറ്റ് ധർണ നടത്തി. ഷാനിമോൾ ഉസ്മാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബഡ്ജറ്റിന്റെ അരശതമാനം തുക മാത്രമാണ് പിന്നാക്ക വിഭാഗത്തിന് സർക്കാർ വകയിരുത്തിയിരിക്കുന്നതെന്നും 65 ശതമാനം വരുന്ന ജനവിഭാഗത്തിന്റെ ഉന്നമനത്തിന് ഈ തുക അപര്യാപ്തമാണെന്നും അവർ പറഞ്ഞു. ജാതി സെൻസസ് നടത്തണമെന്നും ആവശ്യമായ തുക ബജറ്റിൽ ഉൾപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ അദ്ധ്യക്ഷത വഹിച്ചു. എം.വിൻസെന്റ് എം.എൽ.എ, ഡി.സി. സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അജയ് തറയിൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷാജിദാസ്, ആർ.രാജേന്ദ്രബാബു, അജിരാജകുമാർ, ജില്ലാ ചെയർമാൻ സി. ജയചന്ദ്രൻ , പി.ഋഷികേശ് , സുണാൽജി, സൈനുദ്ദീൻ, അഡ്വ. മുജീബ് തുടങ്ങിയവർ സംസാരിച്ചു.