2

തിരുവനന്തപുരം: വാളയാറിലെ ദളിത് പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. ജലപീരങ്കി പ്രയോഗത്തിൽ യുവമോർച്ച സംസ്ഥാന സമിതി അംഗങ്ങളായ രാജാജി നഗർ മഹേഷ്, ശ്രീദേവി എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു മാർച്ച്. വാളയാറിലെ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കുമെന്ന് 2017 മാർച്ച് എട്ടിന് സോഷ്യൽ മീഡിയ വഴി മുഖ്യമന്ത്രി പിണറായി വിജയൻ പോസ്റ്റ് ചെയ്‌ത പ്രസ്‌താവനയുടെ ബോർഡുമായാണ് പ്രവർത്തകരെത്തിയത്. സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു മാർച്ച് ഉദ്ഘാടനം ചെയ്‌തു. മരിച്ച സഹോദരിമാർക്ക് നീതി കിട്ടുംവരെ സമരവുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പ്രവർത്തകർ ബോർഡ് സെക്രട്ടേറിയറ്റിന്റെ ഗേറ്റിനുള്ളിക്ക് വലിച്ചെറിയാൻ ശ്രമിച്ചതോടെ പൊലീസ് ആദ്യറൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. തുടരെയുള്ള ജലപീരങ്കി പ്രയോഗത്തിലാണ് മഹേഷിനും ശ്രീദേവിക്കും പരിക്കേറ്റത്. ഇവരെ പൊലീസ് വാഹനത്തിൽ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പിന്നീട് അറസ്റ്റുചെയ്‌തു നീക്കി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി രാകേന്ദു, ജില്ലാ കൺവീനർ മഞ്ജിത്ത്, നേതാക്കളായ മണവാരി രതീഷ്, വിഷ്‌ണുപ്രസാദ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.