kerala-assembly
KERALA ASSEMBLY

തിരുവനന്തപുരം: മലപ്പുറം താനൂരിലെ മുസ്ലിംലീഗ് പ്രവർത്തകൻ ഇസ്ഹാക്കിന്റെ കൊലപാതകം ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയെ ബഹളത്തിൽ മുക്കി. കൊലയ്ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയായി സി.പി.എം മാറിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കാമെന്നും പൊലീസ് നിഷ്‌പക്ഷവും ഗൗരവത്തോടെയും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതേത്തുടർന്ന് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു.

കേരളത്തിൽ എവിടെ രാഷ്ട്രീയ കൊലപാതകമുണ്ടായാലും സി.പി.എം നേതാവായ പി. ജയരാജൻ എന്ന ബിംബത്തിന്റെ സാന്നിദ്ധ്യം അവിടെയുണ്ടാകുമെന്നും താനൂരിലും അതാണു സംഭവിച്ചതെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ആരോപിച്ചു. പ്രതികൾ സി.പി.എം പ്രവർത്തകരാണെന്നു പറയാനുള്ള ആർജ്ജവം മുഖ്യമന്ത്റിക്കില്ലെന്നും മുനീർ പറഞ്ഞു. സിനിമാ തിരക്കഥ പോലെ മുനീർ അവതരിപ്പിച്ച കൊലപാതക കഥ കേൾക്കാൻ ഇമ്പമുള്ളതാണെന്ന് പ്രദേശത്തെ എം.എൽ.എയായ വി. അബ്ദുറഹ്മാൻ പറഞ്ഞതും പ്രതിപക്ഷ ബഹളത്തിനും പോർവിളിക്കും ഇടയാക്കി.

പ്രതികൾ ആരായാലും

പരിരക്ഷിക്കില്ല

രാഷ്ട്രീയസംഘർഷം കുറച്ച് സമാധാനാന്തരീക്ഷത്തിലേക്കു നാടിനെ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നു മുഖ്യമന്ത്റി വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾക്ക് ഒരു തരത്തിലുള്ള പ്രോത്സാഹനവും നൽകില്ല. ഉൾപ്പെട്ടിട്ടുള്ളവർ ആരായാലും പരിരക്ഷിക്കില്ല. വീഴ്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകും. സമാധാന യോഗം വിളിച്ചു കൂട്ടാൻ കളക്ടർക്ക് നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്റി പറഞ്ഞു.

കൊലക്കത്തി താഴെയിടാൻ അനുയായികളോട് മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പി. ജയരാജന്റെ താനൂർ സന്ദർശനത്തിനു ശേഷമാണ് കൊലപാതകമുണ്ടായത്. ജയരാജൻ മരണദൂതനായി മാറുകയാണോയെന്നും ചെന്നിത്തല ചോദിച്ചു.

പി. ജയരാജന്റെ പേരുയർന്ന ഘട്ടങ്ങളിലെല്ലാം ഏതാനും സി.പി.എം അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേ​റ്റെങ്കിലും, മുഖ്യമന്ത്റി ഇതിനെ പ്രതിരോധിച്ചില്ല. പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി മുദ്റാവാക്യം മുഴക്കി. സ്പീക്കറുടെ ഡയസിനു മുകളിൽ കയറി നിന്ന് അദ്ദേഹത്തിന്റെ മുഖം മറച്ചു. ഇതോടെ സഭാ നടപടികൾ വേഗത്തിലാക്കി, 11.05ന് സഭ പിരിഞ്ഞു.