അർക്കൻസാസ് :മരിച്ച പിതാവിന്റെ നമ്പറിൽ നിന്ന് 23 കാരിക്ക് എസ്.എം.എസ് ലഭിച്ചു അമേരിക്കയിലെ തെക്കൻ പ്രവിശ്യയിലാണ് ഞെട്ടിയ്ക്കുന്ന സംഭവം നടന്നത്. പക്ഷേ, കാര്യത്തിന്റെ കിടപ്പുവശം വ്യക്തമായപ്പോൾ ഞെട്ടലിനുപകരം ചിരിയാണ് ഉയർന്നത്.
ചാസ്റ്റിറ്റി പെറ്റേഴ്‌സൺ എന്ന യുവതിക്കാണ് നാലുവർഷംമുമ്പ് മരിച്ച പിതാവിന്റെ ഫോൺനമ്പരിൽ നിന്ന് സന്ദേശങ്ങൾ ലഭിച്ചത്. അച്ഛൻ മരിച്ച് ഒരുമാസം ആയതുമുതൽ ആ നമ്പരിലേക്ക് ചാസ്റ്റിറ്റി വെറുതേ സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നു. എന്നാൽ ഒരിക്കൽപ്പോലും മറുപടി ലഭിച്ചില്ല. എന്നാൽ അച്ഛൻ മരിച്ച് നാലാംവർഷം പൂർത്തിയാവുന്നതിന്റെ തലേദിവസം അയച്ച സന്ദേശത്തിന് മറുപടി ലഭിച്ചു.
‘ഹായ് ഡാഡ്, നാളെയാണ് എല്ലാവരേയും വിഷമത്തിലാക്കിയ ആ ദിവസം’. തുടർന്ന് തനിയ്ക്ക് ഡിഗ്രി കിട്ടിയ കാര്യവും കാൻസർരോഗത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതുമൊക്കെ ചാസ്റ്റിറ്റി വിശദമായി സന്ദേശത്തിൽ എഴുതിയിരുന്നു. സന്ദേശം അയച്ച് അല്പം കഴിഞ്ഞപ്പോഴാണ് മറുപടി ലഭിച്ചത്.
ഞാൻ നിങ്ങളുടെ അച്ഛനല്ല. എന്നാൽ നിങ്ങളുടെ സന്ദേശങ്ങൾ എനിയ്ക്ക് വന്നുകൊണ്ടേയിരുന്നു. എന്റെ പേര് ബ്രാഡ് എന്നാണ്. കുറച്ചുനാൾ മുമ്പ് ഒരു കാർ അപകടത്തിൽ എനിയ്ക്ക് മകളെ നഷ്ടമായി. ആകെ തകർന്നുപോകുന്ന അവസ്ഥയിലെത്തിയ എന്നെ പിടിച്ചുനിറുത്തിയത് നീ അയച്ച സന്ദേശങ്ങളാണ്. ഞാൻ നിന്നിൽ കാണുന്നത് എന്റെ മകളെയാണ്-ഇതായിരുന്നു മറുപടി. ചാസ്റ്റിറ്റിയുടെ അച്ഛന്റെ മരണശേഷം ഇൗ നമ്പർ ഫോൺകമ്പനിക്കാർ ബ്രാഡിന് നൽകുകയായിരുന്നു.
മറുപടി സന്ദേശത്തിന്റെ സ്‌ക്രീൻഷോട്ടുകളും സഹിതം ചാസ്റ്റിറ്റി ഫേസ്ബുക്കിൽ പോസ്റ്റിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. നിമിഷങ്ങൾ കൊണ്ട് പോസ്റ്റ് വൈറലായി. ആയിരങ്ങളാണ് ഇത് ഷെയർ ചെയ്തത്.