തിരുവനന്തരപുരം: ഖാദി ഉത്പന്നങ്ങളുടെ പ്രദർശനത്തിനും വിപണനത്തിനുമായി നിയമസഭാ സമ്മേളന കാലയളവിൽ നിയമസഭാ സമുച്ചയത്തിൽ കൗണ്ടർ തുടങ്ങുന്നതിന് ഖാദി ഗ്രാമവ്യവസായ ബോർഡിന് സ്പീക്കർ അനുമതി നൽകിയതായി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭനാ ജോർജ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രാവിലെ 8.30ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൗണ്ടർ ഉദ്ഘാടനം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷത വഹിക്കും. നിയമസഭ സമ്മേളിക്കുന്ന ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ വൈകിട്ട് അഞ്ചുവരെയാകും പ്രവർത്തനം. ഖാദിക്ക് അനുവദിക്കുന്ന വിലക്കിഴിവുകൾ ഇവിടെയും ലഭ്യമാകും. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തിന്റെ ഭാഗമായി 141 എം.എൽ.എമാർക്കും ഖാദി വസ്ത്രങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ഇതിന്റെ ഉദ്ഘാടനം നവംബർ ഒന്നിന് സ്പീക്കറുടെ ചേംബറിൽ നടക്കും. നവംബർ രണ്ടിന് അയ്യങ്കാളി ഹാളിൽ അനന്തപുരി ഫെസ്റ്രിവലിന്റെ ഭാഗമായി 'ഖാദി ക്വീൻ' മത്സരം നടത്തുമെന്നും ശോഭനാ ജോർജ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഖാദി ബോർഡിനെ പ്രതിനിധീകരിച്ച് സുരേഷ് ബാബു, ശ്യാം, വിമൽ തുടങ്ങിയവർ പങ്കെടുത്തു.