police

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന ആരോപണം സർക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കി. രോഗബാധിതരായവരെ പിടികൂടി കൊലപ്പെടുത്തുകയാണെന്നും ബന്ധുക്കളെ ഉപയോഗിച്ച് കെണിവയ്ക്കുന്നെന്നും പിന്നിലൂടെ വെടിവച്ചുവീഴ്‌ത്തുകയാണെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്. നേർക്കുനേർ ഏറ്റുമുട്ടലുണ്ടായെന്ന് പൊലീസ് നേതൃത്വം പറയുന്നുണ്ടെങ്കിലും സായുധഓപ്പറേഷൻ സംശയമുനയിലാണ്. മൂന്നാഴ്ച മുൻപ് പൊലീസ് ആസ്ഥാനത്ത് ഉന്നതതലയോഗം ചേർന്ന് മാവോയിസ്റ്റ്‌ വേട്ടയ്ക്ക് പദ്ധതിയിട്ടതിനു പിന്നാലെയാണ് നാലുപേർ കൊല്ലപ്പെട്ടത്. കേരളത്തിലടക്കം മാവോയിസ്റ്റ് വേട്ടയ്ക്ക് കേന്ദ്രസർക്കാർ അടുത്തിടെ 580 കോടി രൂപ അനുവദിച്ചിരുന്നു.

മാവോയിസ്റ്റ് സെൻട്രൽകമ്മിറ്റിയംഗം കുപ്പുദേവരാജും സഹായി അജിതയും കൊല്ലപ്പെട്ട നിലമ്പൂരിലെ ഏറ്റുമുട്ടലിൽ സംശയമുന്നയിച്ചത് മനുഷ്യാവകാശകമ്മിഷനായിരുന്നു. മുൻകാല എസ്.എഫ്.ഐ നേതാവായ സി.പി. ജലീൽ തലയ്ക്കുപിന്നിൽ വെടിയേറ്റ് കൊല്ലപ്പെട്ടതും സംശയത്തിനിടയാക്കി. ഏ​റ്റുമുട്ടൽ മരണങ്ങളിൽ ദേശീയ മനുഷ്യാവകാശകമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് 2014ൽ സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും ഇത് തങ്ങൾക്ക് ബാധകമല്ലെന്നാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനിൽ റിപ്പോർട്ട് നൽകിയത്. എഫ്.ഐ.ആർ കമ്മിഷനിൽ ഹാജരാക്കിയതുമില്ല. അജിതയുടെ ശരീരത്തിൽ 29 മുറിവുകളുള്ളതിനാൽ ഏ​റ്റുമുട്ടൽ അനിവാര്യമായിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കമ്മിഷൻ നിരീക്ഷിച്ചിരുന്നു. ഏറ്റുമുട്ടലിനെ ന്യായീകരിച്ച പൊലീസ് റിപ്പോർട്ട് കമ്മിഷൻ തള്ളിക്കളഞ്ഞിരുന്നു. മാവോയിസ്റ്റുകളെ പിടികൂടിയശേഷം തലയ്ക്ക് വെടിവച്ച് വീഴ്‌ത്തുകയായിരുന്നുവെന്നാണ് പൊലീസിനെതിരായ ആരോപണം.

തമിഴ്നാട്ടിൽ വിദ്യാർത്ഥിയായ മകളെ കെണിയാക്കി രോഗബാധിതനായ കുപ്പുദേവരാജിനെ ജീവനോടെ പിടികൂടാനായിരുന്നു പൊലീസ് പദ്ധതിയിട്ടതെങ്കിലും ദേവരാജിന്റെ ഉറ്റസഹായികളായ ചിന്നരമേശ്, സതീശ്, രാജു എന്നിവരെ അറസ്റ്റ് ചെയ്തതോടെ ഇത് പൊളിഞ്ഞു. മകളെ ദേവരാജിനരികിൽ എത്തിച്ചിരുന്നത് ഇവരായിരുന്നു. പിന്നീടാണ് നിലമ്പൂർ ഏറ്റുമുട്ടലിൽ കുപ്പുദേവരാജ് കൊല്ലപ്പെട്ടത്. അവിടെ മൂന്നു തോക്കുകളിൽ നിന്ന് മാവോയിസ്റ്റുകൾ വെടിയുതിർത്തിട്ടുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഇതിലൊരു തോക്കുമായി മാവോയിസ്റ്റുകൾ കടന്നുവെന്നാണ് നിഗമനം. ഏറ്റുമുട്ടലുണ്ടായ സ്ഥലത്തെ വൃക്ഷങ്ങളിൽ പൊലീസിന്റെയും മാവോയിസ്റ്റുകളുടെയും തോക്കുകളിലെ ബുള്ളറ്റുകൾ കണ്ടെടുത്തതിനാൽ നടന്നത് വ്യാജ ഏറ്റുമുട്ടൽ അല്ലെന്നും പൊലീസ് പറയുന്നു. മാവോയിസ്റ്റുകളുടെ ക്യാമ്പിൽനിന്ന് എ.കെ 47 അടക്കം 50 തോക്കുകൾ പിടിച്ചെടുത്തു. ഇവയിൽ തുടർച്ചയായി വെടിയുതിർത്തതിന്റെ തെളിവുകളുള്ളതിനാൽ അവിടെ സായുധപരിശീലനം നടന്നിരുന്നതായും പൊലീസ് പറയുന്നു. മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. ഏ​റ്റുമുട്ടലുകളെക്കുറിച്ച് ജനുവരി 15നും ജൂലായ് 15നും ദേശീയ മനുഷ്യാവകാശ കമ്മിഷന് ഡി.ജി.പി അർദ്ധവാർഷികറിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്. അഗളിയിലും മലപ്പുറത്ത് പൂക്കോട്ടുപാടത്തും പൊലീസിനുനേരെ വെടിവയ്പുണ്ടായിട്ടുണ്ടെന്നും കൊല്ലുകയാണ് ലക്ഷ്യമെങ്കിൽ അപ്പോഴെല്ലാം ആകാമായിരുന്നെന്നും പൊലീസ് പറയുന്നു.

36 പേർക്കായി വേട്ട

വയനാട് സ്വദേശി ജിഷയടക്കം (രജനി) 36 മാവോയിസ്റ്റുകളെയാണ് തെരയുന്നത്. കർണാടകയിലെ 16 പേരിൽ 12ഉം വനിതകളാണ്. അന്യസംസ്ഥാനക്കാരിലും ആറ് വനിതകളുണ്ട്. ഇക്കൂട്ടത്തിലുള്ള ശ്രീമതിയും മണിവാസകവും സുരേഷുമാണ് അട്ടപ്പാടിയിൽ കൊല്ലപ്പെട്ടത്. വയനാട്ടിൽ കൊല്ലപ്പെട്ട സി.പി. ജലീലിനൊപ്പമുണ്ടായിരുന്ന തമിഴ്നാട്ടുകാരൻ ചന്ദ്രുവും വിക്രംഗൗഡ, സോമൻ, ലത, സുന്ദരി, വേൽമുരുകൻ, മൊയ്തീൻ, സാവിത്രി, കവിത, ഉണ്ണി, ഡാനിഷ്, ഗണേഷ്, അരവിന്ദ്, സന്തോഷ്, രാമൻ, രവി, രമ എന്നിവരും ലിസ്റ്റിലുണ്ട്.