സംസ്ഥാനത്തെ പരമോന്നത നിയമ ഉദ്യോഗസ്ഥനായ അഡ്വക്കേറ്റ് ജനറലിന് കാബിനറ്റ് മന്ത്രിക്ക് സമാനമായ ഔദ്യോഗികപദവി നൽകാൻ വളരെ വൈകിപ്പോയെന്ന് തോന്നുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ, ഹരിയാന തുടങ്ങി മറ്റു പല സംസ്ഥാനങ്ങളിലും അഡ്വക്കേറ്റ് ജനറലിന് വളരെ നേരത്തേതന്നെ കാബിനറ്റ് മന്ത്രിയുടെ പദവി നൽകിയിട്ടുണ്ട്. നാഗലാൻഡിലാകട്ടെ കേരളീയനായ കെ.എൻ. ബാലഗോപാൽ കാബിനറ്റ് മന്ത്രിയുടെ പദവിയുള്ള അഡ്വക്കേറ്റ് ജനറലാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല പുരോഗമന കാര്യങ്ങളിലും ആദ്യം തീരുമാനങ്ങളെടുക്കുന്ന കേരളാ സർക്കാർ മിക്കപ്പോഴും സംസ്ഥാനങ്ങൾക്ക് മാതൃകയാകുകയാണ് പതിവ്. എന്തുകൊണ്ടോ നമ്മുടെ അഡ്വക്കേറ്റ് ജനറലിന്റെ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയർത്തുന്നതിൽ നാം പിന്നിലായിപ്പോയി.
ഒരു ഉയർന്ന ഔദ്യോഗിക സ്ഥാനത്തിന് കാബിനറ്റ് പദവി നൽകുകയെന്നാൽ, അങ്ങനെയുള്ള ഔദ്യോഗിക സ്ഥാനത്തിന്റെ പദവി വർദ്ധിപ്പിക്കുന്നുവെന്നേ അർത്ഥമാക്കേണ്ടതുള്ളൂ. പദവി ഉയർത്തിയതുകൊണ്ട് അഡ്വക്കേറ്റ് ജനറലിന് ലഭിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിലും മാറ്റമുണ്ടാകുന്നില്ല. നമ്മുടെ ഭരണഘടന ആർട്ടിക്കിൾ 165 പ്രകാരം ഓരോ സംസ്ഥാനത്തിനും ഓരോ അഡ്വക്കേറ്റ് ജനറൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. സംസ്ഥാന സർക്കാരിന്റെ ഉപദേശപ്രകാരം, സംസ്ഥാന ഗവർണറാണ് അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത്. ഹൈക്കോടതി ജഡ്ജിയാകാൻ യോഗ്യതയുള്ള ആളാണ് അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടേണ്ടത്.
ഭാരിച്ച ഒൗദ്യോഗിക ചുമതലകളും കടമകളുമാണ് അഡ്വക്കേറ്റ് ജനറലിന്റേത്. ആവശ്യപ്പെടുന്ന സംഗതികളിൽ സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുക, കാലാകാലങ്ങളിൽ നിയമവശങ്ങൾ പരിശോധിക്കാൻ ഗവർണർ അയയ്ക്കുന്നതോ ചുമതലപ്പെടുത്തുന്നതോ ആയ വസ്തുതകൾ പരിശോധിച്ച് ചുമതലകൾ നിറവേറ്റുക, റവന്യൂബോർഡും കളക്ടർമാരും അപ്പീലിന് നൽകുന്ന കേസുകൾ വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുക, സംസ്ഥാന സർക്കാർ കക്ഷിയായി സുപ്രീംകോർട്ടിൽ വരുന്ന കേസുകൾക്ക് സംക്ഷിപ്തമായ വിവരണം തയ്യാറാക്കി സുപ്രീംകോടതിയിൽ വാദിക്കുന്ന അഭിഭാഷകന് നൽകുക. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരാകുക, ഹൈക്കോടതി ആവശ്യപ്രകാരം വളരെ പ്രാധാന്യമുള്ള കേസുകളിൽ ഹൈക്കോടതിയെ സഹായിക്കുക, എന്നിങ്ങനെ നിരവധി കർത്തവ്യങ്ങളാണുള്ളത്.
ഒരു സംസ്ഥാന അഡ്വക്കേറ്റ് ജനറലിന് സർക്കാർ ആവശ്യപ്പെട്ടാൽ ഒരു മന്ത്രിയെപ്പോലെ നിയമസഭാ നടപടികളിൽ പങ്കെടുത്ത് സംസാരിക്കാൻ അവകാശമുണ്ട്. എന്നാൽ, വോട്ടവകാശമില്ല. അഡ്വക്കേറ്റ് ജനറലിനെ അംഗമായി ഉൾപ്പെടുത്തിയിട്ടുള്ള നിയമനിർമ്മാണ സമിതി നടപടികളിലും അദ്ദേഹത്തിന് പങ്കെടുക്കാവുന്നതാണ്.
കാബിനറ്റ് പദവി ലഭിച്ചതോടെ അഡ്വക്കേറ്റ് ജനറലിന്റെ പദവി സംസ്ഥാന -കാബിനറ്റ് മന്ത്രിക്ക് തുല്യമായി. ഭരണഘടന അനുശാസിക്കുന്ന പ്രകാരം നിയമിക്കപ്പെടുന്ന അതിവിദഗ്ദ്ധനായ ഒരു നിയമ പണ്ഡിതനാണ് ഒരു സംസ്ഥാനത്തിന്റെ അഡ്വക്കേറ്റ് ജനറൽ. ഓരോ സംസ്ഥാന സർക്കാരിനും നിയമോപദേശം നൽകുന്ന പരമോന്നത നിയമ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കേരള സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ പദവി കാബിനറ്റ് മന്ത്രിയുടെ പദവിക്ക് സമാനമാക്കിയത് അഭിനന്ദനാർഹമാണ്.