h

വെഞ്ഞാറമൂട്: വിനോദസഞ്ചാരകേന്ദ്രമായ മദപുരം തമ്പുരാൻ - തമ്പുരാട്ടി പാറ സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഇവിടെയെത്തുന്ന സഞ്ചാരികൾക്കു ഭീഷണിയായി മാറിയിരിക്കുകയാണ് ഇവർ.

വിനോദ സഞ്ചാര കേന്ദ്രത്തിന് വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടും ടൂറിസം അധികൃതരോ പൊലീസോ ഇവിടേക്കു തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. രാവിലെയും വൈകിട്ടുമാണ് സഞ്ചാരികൾ ഇവിടേക്ക് എത്തുന്നത്. തമ്പുരാൻ പാറയ്ക്കു സമീപം പ്രവർത്തിക്കുന്ന പാറഖനനകേന്ദ്രങ്ങളാണ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നതെന്ന് ഒരു വിഭാഗം നാട്ടുകാർ ആരോപിക്കുന്നു. വിനോദസഞ്ചാര പദ്ധതി നടപ്പാകാതിരിക്കാനും ഇവിടേക്കു സഞ്ചാരികൾ എത്താതിരിക്കുന്നതിനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ആരോപണം.

തമ്പുരാൻപാറ ഇക്കോ ടൂറിസം ആൻഡ് ട്രക്കിങ് സെന്റർ എന്നപേരിൽ 2014 ലാണ് ഇവിടെ വിനോദ സഞ്ചാര കേന്ദ്രം സ്ഥാപിച്ചത്. എന്നാൽ ഇതിന്റെ പണികൾ അപൂർണമാണ്. 40 ലക്ഷം രൂപയാണ് പദ്ധതിക്കായി അന്നത്തെ സർക്കാർ അനുവദിച്ചത്. സാഹസിക വിനോദം ഇഷ്ടപ്പെടുന്നവരെ ലക്ഷ്യം വച്ചാണ് പദ്ധതി ആരംഭിച്ചത്. അതിനുള്ള സൗകര്യങ്ങളും ഇപ്പോഴും ഇവിടെയില്ല. വിനോദസഞ്ചാരികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുള്ള വിനോദസഞ്ചാര വകുപ്പിന്റെ കെട്ടിടം സാമൂഹ്യ വിരുദ്ധർ കൈയടക്കി.
ഇവിടം സന്ദർശിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികൃതർ പോലുംതയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.