ആറ് ദശകങ്ങൾ പിന്നിട്ട ഐക്യകേരളത്തെ വിലയിരുത്തുമ്പോൾ പേരിനെ അന്വർത്ഥമാക്കിക്കൊണ്ട് മതേതരത്വത്തിനെതിരായ ഭീഷണികളെ അതിജീവിച്ചും ജാതിസ്പർദ്ധ വെടിഞ്ഞും സൗഹൃദത്തിന്റെ വെന്നിക്കൊടി പറപ്പിക്കുന്നു എന്നതുതന്നെ മുഖ്യം. മതപരമായ ഭിന്നിപ്പുകൾക്ക് അടിപ്പെടാത്ത കേരളീയ സമൂഹം ലോകത്തു തന്നെ മാതൃക കാട്ടുന്നു. ശ്രീനാരായണഗുരുവും അയ്യങ്കാളിയും വക്കംമൗലവിയും ചട്ടമ്പി സ്വാമികളുമൊക്കെ വർഗീയതയ്ക്കെതിരായ പോരാട്ടങ്ങൾകൊണ്ട് പടുത്തുയർത്തിയ ഉറച്ച മതേതര അടിത്തറ തന്നെയാണ് കേരളത്തിന്റെ കരുത്തും ചൈതന്യവും.
ദർശനങ്ങൾ വഴികാട്ടുമ്പോഴും സമത്വാധിഷ്ഠിതമായ ഒരു സാമൂഹ്യ ഘടനയ്ക്ക് രൂപം നൽകാനാകാത്തത് ഇന്നും വലിയ പോരായ്മയായി നിലകൊള്ളുന്നു. ആദിവാസികളുൾപ്പെടെ ആയിരങ്ങൾ സ്വന്തമായി ഭൂമിയോ കിടപ്പാടമോ ഇല്ലാതെ തെരുവിൽ അലയുന്നത് പ്രകടമായ ഉദാഹരണം. ഈ അവസ്ഥയിലും വൻകിട കുത്തകകൾ നൂറുകണക്കിനേക്കർ ഭൂമി കൈയടക്കുന്നത് നാടിന്റെ ദുർവിധിയും. ''ഭൂപരിഷ്കരണ"ത്തെ വിപ്ലവാത്മകം എന്നു വിശേഷിപ്പിക്കുമ്പോഴും അതിലൂടെ ലക്ഷ്യമിട്ട പരിവർത്തനം ഇനിയും ഏറെ അകലെ.
ദാരിദ്ര്യ നിർമ്മാർജനവും പരിസ്ഥിതി സംരക്ഷണവുമാണ് അറുപതു കടന്ന കേരളം നേരിടുന്ന രണ്ട് സുപ്രധാന വെല്ലുവിളികൾ. തീര-മലയോര മേഖലകളിലുൾപ്പെടെ വലിയൊരു ശതമാനം അനുഭവിക്കുന്ന ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും വികസന കേരളത്തിന്റെ നേർക്കുള്ള ചോദ്യചിഹ്നങ്ങളാണ്. ഐ.ടി, ഓഹരി ഈ കച്ചവടങ്ങളിലൂടെയുള്ള ഒരു ചെറിയ ശതമാനത്തിന്റെ വരുമാന വർദ്ധനവും കർഷകനും പാവപ്പെട്ടവരും നേരിടുന്ന ജീവിത ദുഃഖങ്ങളും താളപ്പിഴകൾ സൃഷ്ടിക്കുന്നതാണ്. സമത്വ കേരളത്തിൽ ഉള്ളവനും ഇല്ലാത്തവനുമിടയിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വരുമാനത്തിലെ അന്തരം പഴയ ജന്മി കുടിയാൻ കാലത്തേക്കുള്ള തിരിച്ചു പോക്കാണോ എന്നത് ഭയമുളവാക്കുന്നു. അഴിമതിപോലെ സാമ്പത്തിക അസന്തുലിതാവസ്ഥയും നവകേരളത്തിന്റെ ശക്തി ക്ഷയിപ്പിച്ചുകൊണ്ടിരിക്കുന്നു.
കേരളം അഭിമുഖീകരിക്കുന്ന മറ്റൊരു കടുത്ത വെല്ലുവിളി ഉത്പാദന മേഖലയിലെ തകർച്ചയാണ്. വികൃതമായ വികസന കാഴ്ചപ്പാടുകൾ കാർഷിക പരമ്പരാഗത വ്യവസായ മേഖലകളെ തകർക്കുന്നതായി. കാർഷിക മേഖലയുടെ സംരക്ഷണവും വളർച്ചയുമെന്നത് അപ്രധാന അജണ്ടകളായി കാണുക വഴി എല്ലാ വിളകൾക്കും ഒരുപോലെ തിരിച്ചടിയുണ്ടായി. തൊഴിൽരംഗത്തും സാമ്പത്തിക - സാമൂഹിക ജീവിതക്രമങ്ങളിലും ഇതുണ്ടാക്കിയ പ്രത്യാഘാതം ചെറുതല്ല. ഐക്യകേരളത്തിന്റെ ഐശ്വര്യമായ കർഷകരോടുള്ള നിഷേധാത്മകമായ നിലപാടുകൾ സമ്പദ് ഘടനയെ സർവനാശത്തിലേക്കായിരിക്കും എത്തിക്കുക. മാറിക്കൊണ്ടിരിക്കുന്ന ലോകഭക്ഷ്യ സുരക്ഷയ്ക്കും കരുതലിനും നൽകുന്ന സ്ഥാനം ഏറെ മുന്നിലാണ്.
ഭൗതികതലത്തിലെ വീഴ്ചകളും സാംസ്കാരിക ഔന്നത്യത്തിൽ നിന്നുള്ള പിറകോട്ടടിയുമാണ് കേരളം നേരിടുന്ന മറ്റൊരു ഭീഷണി. സർവകലാശാലകളുടെ വഴിവിട്ട പ്രവർത്തനങ്ങളും വിദ്യാഭ്യാസത്തിന്റെ നിലവാര തകർച്ചയും ഭരണഘടനാസ്ഥാപനങ്ങളെ താറടിച്ചു കാണിക്കാനുള്ള ഗൂഢാലോചനകളും ആശങ്ക പടർത്തുന്നു. വിദ്യാഭ്യാസ വാണിജ്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുക വഴി ഈ മേഖലയിലെ സാമൂഹിക അനീതി ശക്തമായി. ഇത് സാർവത്രിക വിദ്യാഭ്യാസമെന്ന ആശയത്തെ തുരങ്കം വയ്ക്കുകയും പണത്തിന്റെ അതിപ്രസരത്തിലൂടെ വിദ്യാർത്ഥികളെ പല തട്ടുകളിലാക്കി ഭിന്നിപ്പിക്കുകയും ചെയ്തു. ഇത് കുട്ടികളിലുണ്ടാക്കുന്ന അപകർഷതാബോധവും വേറിട്ട ചിന്തകളും ഒരു സോഷ്യലിസ്റ്റ് സാമൂഹ്യക്രമത്തിനു നിരക്കുന്നതല്ലാത്തതും ആ സത്യം പുരോഗമന ഭരണകർത്താക്കൾ കാണാതെ പോകുന്നതും കേരളീയ സമൂഹത്തോടുള്ള കൃതഘ്നത തന്നെ.
നിക്ഷേപങ്ങൾ വരാതിരിക്കുകയും തൊഴിലവസരങ്ങൾ കുറയുകയും ചെയ്യുന്ന സംസ്ഥാനത്തിന്റെ വികസന മുന്നേറ്റം കടലാസിൽ ഒതുങ്ങുന്നതായി. ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങൾ ബഹുദൂരം മുന്നോട്ടു പോയിട്ടും കേരളം എവിടെയും എത്തിപ്പെട്ടില്ല, വിഭവ സൗകര്യങ്ങളാൽ അനുഗ്രഹീതമായ കേരളത്തിന് എന്തുകൊണ്ട് അതിനു കഴിയാതെ പോകുന്നു എന്ന ചോദ്യത്തിന് 63 വർഷങ്ങൾ പിന്നിടുമ്പോഴും ഉത്തരം നൽകാനാകാത്തതിന് ന്യായീകരണമില്ല. മലയാളിയുടെ ബുദ്ധിയും ഊർജ്ജവും ഉപയോഗിച്ച് വിദേശരാജ്യങ്ങൾ വികസനക്കുതിപ്പ് നടത്തുമ്പോൾ ഇവിടെ അവർ അവഗണിക്കപ്പെടുകയും അവഹേളിതരാവുകയും ചെയ്യുന്നു. സമാന്തര സമ്പദ്ഘടന സൃഷ്ടിക്കുന്ന വിദേശ മലയാളിയുടെ മൂലധനം സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വിനിയോഗിക്കാൻ വഴിയൊരുക്കണം. തൊഴിൽ നേടുന്നതിനോ സംരംഭങ്ങൾ തുടങ്ങുന്നതിനോ പറ്റിയ സ്ഥലമല്ല കേരളമെന്ന ദുഷ്പേരുമാറ്റി ആത്മധൈര്യവും പിന്തുണയും ഉറപ്പു വരുത്താനാകണം. നിയമത്തിന്റെ നൂലാമാലകളും അഴിമതിയും രാഷ്ട്രീയ ഇടപെടലുകളും തടസമാകാനും പാടില്ല.
വികസനത്തിൽ ബസ് പോയശേഷം കൈ കാണിക്കുന്ന യാത്രക്കാരനെ ഓർമ്മിപ്പിക്കുന്നതാണ് കേരളത്തിന്റെ അവസ്ഥ. അടിസ്ഥാന വർഗത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നതും സാമൂഹിക നീതിയിലധിഷ്ഠിതമായ പാതയിലൂടെയാകട്ടെ നവകേരളത്തിന്റെ വികസനയാത്രയെന്ന് കേരളപ്പിറവി വാർഷിക വേളയിൽ നമുക്ക് ആഗ്രഹിക്കാം.
(പി.എസ്.സി മുൻ അംഗമാണ് ലേഖകൻ)