തിരുവനന്തപുരം: കേരളത്തിലെ സമ്പദ്ഘടനയെ പൂർണമായും തകർച്ചയിലേക്ക് നയിക്കുന്ന ആർ.സി.ഇ.പി കരാറിൽ ഇന്ത്യ പങ്കാളിയാകരുതെന്നാവശ്യപ്പെട്ട് നവംബർ 21ന് സി.പി.ഐയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്കും കേന്ദ്രസർക്കാർ ഓഫീസുകളിലേക്കും മാർച്ചും സത്യാഗ്രഹവും നടത്തും
കരാർ രാജ്യതാത്പര്യങ്ങൾക്ക് എതിരും ഇന്ത്യയുടെ കാർഷിക, വ്യാവസായിക മേഖലകളെ തകർച്ചയിലേക്ക് നയിക്കുന്നതുമാണെന്ന് ഇന്നലെ ആരംഭിച്ച സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
കരാർ ഒപ്പിടുന്നതോടെ ഇറക്കുമതി ഉത്പന്നങ്ങളുടെ തീരുവ പൂർണമായി ഇല്ലാതാകും. ആർ.സി.ഇ.പി കരാർ കേരളത്തിലെ സമ്പദ്ഘടനയെ പൊതുവിലും ക്ഷീരമേഖലയെ പ്രത്യേകിച്ചും തകർക്കും. ആർ.സി.ഇ.പി കരാറിൽ ഇന്ത്യ ഒപ്പുവയ്ക്കരുതെന്നാവശ്യപ്പെട്ട് കൂടുതൽ ശക്തവും യോജിച്ചതുമായ പ്രക്ഷോഭം വളർത്തിക്കൊണ്ടുവരണമെന്നും സംസ്ഥാന കൗൺസിൽ അഭ്യർത്ഥിച്ചു.
സി.എൻ. ജയദേവൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ദേശീയ രാഷ്ട്രീയ സ്ഥിതിഗതികൾ ജനറൽസെക്രട്ടറി ഡി. രാജ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി, കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ എന്നിവർ പങ്കെടുത്തു. ഇന്നും യോഗം തുടരും.