job

തിരുവനന്തപുരം: വിദ്യാസമ്പന്നർക്ക് അവരുടെ കഴിവിനും അഭിരുചിക്കും യോജിച്ച തൊഴിൽ മേഖല കണ്ടെത്താനും അതിനുവേണ്ട പരിശീലനം നൽകാനും സഹായിക്കുന്ന വിധത്തിൽ സംസ്ഥാന തൊഴിലും നൈപുണ്യവും വകുപ്പ് 'കരിയർ പോളിസി 'നടപ്പാക്കുന്നു. ഇതിന്റെ കരട് തയ്യാറായി. നവംബർ 25 ന് തിരുവനന്തപുരത്ത് നടക്കുന്ന ഏകദിന ശില്പശാലയിൽ കരടിനെക്കുറിച്ച് വിശദമായ ചർച്ച നടക്കും. ചർച്ചയിൽ ഉരുത്തിരിയുന്ന നിർദ്ദേശങ്ങൾകൂടി പരിഗണിച്ച്‌ അന്തിമരൂപം സർക്കാരിന് സമർപ്പിക്കും.

കരിയർ ഗൈഡൻസ് ആവശ്യമുള്ള മുഴുവൻ വ്യക്തികൾക്കും ഗുണമേന്മയുള്ളതും കാലാനുസൃതവുമായ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. കരിയർ നയത്തിന്റെ നടത്തിപ്പിനും ലക്ഷ്യങ്ങൾ ആർജ്ജിക്കാനും എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനമായി സംസ്ഥാന കരിയർ ഡെവലപ്‌മെന്റ് മിഷനും ജില്ലകളിൽ ജില്ലാ കരിയർ ഡെവലപ്‌മെന്റ് മിഷനും രൂപീകരിക്കും. ഇതോടെ കരിയർ നയം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവും കേരളം. നാഷണൽ എപ്ലോയ്‌മെന്റ് സർവീസ് വകുപ്പ് ഇതിന്‌ നേതൃത്വം നൽകും.

ലക്ഷ്യങ്ങൾ

* പഠനം മുഴുമിപ്പിച്ച സംസ്ഥാനത്തെ മുഴുവൻ വ്യക്തികളെയും ഘട്ടം ഘട്ടമായി തൊഴിൽ മേഖലയിൽ എത്തിക്കുക

*കുടുംബപശ്ചാത്തലം, പഠനനിലവാരം, താത്പര്യം മുതലായവ പരിഗണിച്ച് ഭാവിപഠനം സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കുക

*യു.പി.എസ്.സി, എസ്.എസ്.സി, ഐ.ബി.പി.എസ്, ആർ.ആർ.ബി തുടങ്ങിയ പരീക്ഷകളിൽ കേരളത്തിലെ കുട്ടികൾക്ക് വിജയം ഉറപ്പാക്കുക

* സാമ്പത്തിക നയം, ശാസ്ത്ര-സാങ്കേതിക വിദ്യയുടെ വികാസം എന്നിവയുടെ ഭാഗമായി തൊഴിൽ കമ്പോളത്തിൽ വരുന്ന മാറ്റങ്ങൾ മുൻകൂട്ടി മനസിലാക്കി പ്രവർത്തിക്കുക

*എല്ലാവിധ കരിയർ ഡെവലപ്‌മെന്റ് പ്രവർത്തനങ്ങളുടെയും ഏകോപനവും മേൽനോട്ടവും സർക്കാരിൽ നിക്ഷിപ്തമാക്കുക