കിളിമാനൂർ: വീട്ടിലേക്ക് ബൈക്കിൽ പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരിക്കേറ്റു. നിലമേൽ പഞ്ചായത്ത് സെക്രട്ടറി അടയമൺ പയ്യനാട് പറമ്പുകണ്ടത്തിൽ വീട്ടിൽ മിഥുൻ കൈലാസിനാണ് (33) പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് സംഭവം. കിളിമാനൂരിൽ നിന്നു വീട്ടിലേക്ക് പോകുമ്പോൾ ചിറ്റിലഴികം തമ്പുരാട്ടിപ്പാറ ക്ഷേത്രത്തിന് സമീപത്തുവച്ചാണ് മിഥുന്റെ ബൈക്കിന് നേരെ കാട്ടുപന്നി ആക്രമിച്ചത്. ബൈക്കിൽ നിന്നു തെറിച്ചുവീണ് ബോധരഹിതനായ മിഥുനെ അരമണിക്കൂറിന് ശേഷം നാട്ടുകാരാണ് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. തോളെല്ലിന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ചികിത്സയിലാണ്. മലപ്പുറം ജില്ലയിൽ കഴിഞ്ഞ ആറ് വർഷമായി ജോലി ചെയ്‌തിരുന്ന മിഥുൻ ഒരാഴ്ച മുമ്പാണ് നിലമേൽ പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. കുറച്ചുദിവസം മുമ്പ് ഇവിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവതിയുടെ തുടയെല്ല് പൊട്ടിയിരുന്നു. മേഖലയിൽ കാട്ടുപന്നിയുടെ ആക്രമണം പതിവാണെന്നാണ് നാട്ടുകാരുടെ പരാതി.