ulsakumar

കിളിമാനൂർ: വിവിധ സ്‌കൂളുകളിലേക്ക് ജോലി വാഗ്ദാനം ചെയ്‌ത് പണംവാങ്ങിയ ശേഷം വ്യാജ നിയമ ഉത്തരവ് നൽകി തട്ടിപ്പ് നടത്തിയ കേസിൽ രണ്ടാംപ്രതി അറസ്റ്റിൽ. കൊടുവഴന്നൂർ തോട്ടവാരം ശ്രീഭവനിൽ വിൽസകുമാർ എന്ന ഉൽസകുമാറാണ് (47 ) പിടിയിലായത്. കേസിലെ ഒന്നാംപ്രതി അജിത്തിനെ 2017ൽ അറസ്റ്റുചെയ്‌തിരുന്നു. ഇതിന് ശേഷം ഉൽസ കുമാർ ഒളിവിലായിരുന്നു. വ്യാജ ഐ.ഡി കാർഡ് കാണിച്ച് സർക്കാർ ഉദ്യോഗസ്ഥനാണന്ന് തെറ്റിദ്ധരിപ്പിച്ച ശേഷമാണ് ഇവർ തട്ടിപ്പ് നടത്തിയത്. നിരവധി പേരിൽ നിന്നും പണംവാങ്ങിയശേഷം സ്‌കൂളുകളിലെ വ്യാജ സീലുകളും ഐ.ഡി കാർഡും നിർമ്മിച്ച് വ്യാജ നിയമന ഉത്തരവ് നൽകുകയായിരുന്നു. ഇയാൾ കിളിമാനൂരിൽ നടത്തിവന്ന ഓഫ്സെറ്റ് പ്രിന്റേഴ്‌സിൽ നിന്നാണ് വ്യാജ സീലുകളും ഐ.ഡി കാർഡും നിർമ്മിച്ചിരുന്നത്. സി.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ അഷ്റഫ്, എ.എസ്.ഐ സുരേഷ് കുമാർ, രാജശേഖരൻ, ഷാജി, സി.പി.ഒമാരായ രാജീവ്, വിനീഷ്, ഷാജി, ബിനു, പ്രദീപ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്‌തു.