മുടപുരം: അഴൂർ ഗണപതിയാം കോവിൽ കോളിച്ചിറ റോഡിൽ സ്ഥിതി ചെയ്യുന്ന കലുങ്ക് തകർന്നത് വാഹന കാൽനട യാത്രക്കാർക്ക് ദുരിതമാകുന്നു. 5 ദിവസം മുൻപ് ഈ റോഡിന്റെ മദ്ധ്യഭാഗത്തായി നിർമ്മിച്ചിട്ടുള്ള കലുങ്കിന്റെ കോൺക്രീറ്റ് സ്ളാബ് ഭാഗികമായി തകരുകയും അവിടെ വലിയ കുഴി രൂപപ്പെടുകയും ചെയ്തു. അപകട മുന്നറിയിപ്പായി കുഴിയിൽ കമ്പ് നിറുത്തി ചുവപ്പ് തുണി നാട്ടിയിരിക്കുകയാണ് നാട്ടുകാർ. തകർന്ന സ്ളാബ് ഉടൻ മാറ്റിസ്ഥാപിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു.
അഴൂർ, ചിറയിൻകീഴ് അതിർത്തിയിലാണ് ഈ റോഡ്. ചിറയിൻകീഴ് മുരുക്കുംപുഴ റോഡിൽ അഴൂർ ഗണപതിയും കോവിൽ ജംഗ്‌ഷനിൽ നിന്ന് ആരംഭിച്ച് കോളിച്ചിറ റോഡിൽ ഈ റോഡ് എത്തിച്ചേരുന്നു.
7വർഷം മുൻപ് ഗണപതിയും കോവിലിൽ നിന്ന് റോഡിന്റെ പകുതി ഭാഗം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് ടാർ ചെയ്തു. ബാക്കി ഭാഗം ആരും പുതുക്കി പണിതിട്ടില്ല. ഈ ഭാഗമാണ് ഇപ്പോൾ തകർന്നു കിടക്കുന്നത്. റോഡിൽ പൂർണമായും ഓട നിർമ്മിക്കാത്തതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണം. ഗണപതിയാം കോവിൽ ജംഗ്‌ഷനിൽ നിന്ന് ഇപ്പോൾ തകർന്ന കലുങ്ക് വരെയുള്ള പകുതി ദൂരം മാത്രമേ ഓട നിർമ്മിച്ചിട്ടുള്ളു. അതിനാൽ പ്രധാന റോഡ് ആയ ചിറയിൻകീഴ് അഴൂർ റോഡിലെ അഴൂർ മാർക്കറ്റ് ജംഗ്‌ഷൻ മുതലുള്ള വെള്ളം ഓടയിലൂടെ ഒഴുകി വന്ന് ഈ കലുങ്ക് വഴി റോഡിനു സമീപത്തെ പുരയിടത്തിൽ എത്തിച്ചേരുന്നു. വെള്ളം കെട്ടിനിൽക്കുന്നതിനാൽ കൊതുക് ശല്യവും രൂക്ഷമാണ്. റോഡിനിരുവശവും താമസിക്കുന്ന അമ്പതിൽ പരം കുടുംബങ്ങളുടെ യാത്ര ബുദ്ധിമുട്ട് പരിഹരിക്കാൻ ഈ റോഡ് പുതുക്കിപണിയേണ്ടത് അനിവാര്യമാണ്.