gold

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ജീവനക്കാർ കഴിഞ്ഞ ഒരു വർഷമായി നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ സമരപ്പന്തൽ സന്ദർശിച്ചു. വിമാനത്താവള സ്വകാര്യവത്കരണത്തിൽ പ്രതിഷേധിച്ച് നടത്തുന്ന സമരം വ്യക്തിപരമായ ആവശ്യത്തിന് വേണ്ടിയല്ലെന്നും രാജ്യ താത്പര്യത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ദൈർഘ്യമേറിയ സമരം രാജ്യത്ത് അപൂർവമാണ്. പ്ലാനിംഗ് കമ്മിഷൻ പിരിച്ചുവിട്ടു കൊണ്ട് നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കിയ നിതി ആയോഗ് ഇന്ന് എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ്. ബ്രിട്ടീഷ് രാജിനെതിരെ സമരം ചെയ്ത് വിജയിച്ച നമുക്ക് ബി.ജെ.പി രാജിനെതിരെ സമരം ചെയ്തു പൊതുമേഖലയെ സംരക്ഷിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജോയിന്റ് ഫോറം കൺവീനർ അജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ.പി. സുരേഷ്,​ ബിജു, ഷാജി തുടങ്ങിയവർ സംസാരിച്ചു.