കാട്ടാക്കട : പൂവച്ചൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഫയർഫോഴ്സ് നടത്തിയ മോക്ക്ഡ്രിൽ വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായി. അത്യാഹിതങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് വിദ്യാർത്ഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കാട്ടാക്കട ഫയർഫോഴ്സ് മോക്ക്ഡ്രിൽ നടത്തിയത്. അത്യാഹിതങ്ങൾ സംഭവിച്ചാൽ സമയോചിതമായി എങ്ങനെ പ്രവർത്തിക്കാമെന്നും അപകടങ്ങളിൽ നിന്നും എങ്ങനെ സ്വയരക്ഷ നേടാമെന്നും, അപകടത്തിൽപെടുന്നവരെ എങ്ങനെ രക്ഷപ്പെടുത്താമെന്നതിനെക്കുറിച്ചുമാണ് പ്രദർശന പരിപാടി സംഘടിപ്പിച്ചത്. കുട്ടികളും അദ്ധ്യാപകരും ഉൾപ്പടെ പങ്കാളികളായ ട്രയലിൽ പാചക വാതക സിലിണ്ടർ തീ പിടിച്ചാൽ എങ്ങനെ അണയ്ക്കാം, അപകടത്തിൽ കാൽ, നട്ടെല്ല് എന്നിവയ്ക്ക് പരിക്കേറ്റവരെ എങ്ങനെ കൈകാര്യം ചെയ്യണം, ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയാൽ എങ്ങനെയാണ് രക്ഷപ്പെടുത്തേണ്ടത്, യൂണിറ്റിൽ നിന്നും ഫയർ എസ്റ്റിംഗ്യൂഷർ ഉപയോഗിച്ചും ആളി പടരുന്ന തീ എങ്ങനെ നിയന്ത്രണവിധേയമാക്കും എന്നിങ്ങനെ വിവിധ അപകടങ്ങൾ തരണം ചെയ്യേണ്ട വിധങ്ങളെ പറ്റി ഉദ്യോഗസ്ഥർ കുട്ടികൾക്ക് വിശദീകരിച്ചു. ഇതിന്റെയെല്ലാം പ്രദർശനവും നടത്തി. കാട്ടാക്കട ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ എ.ആർ. സുരേഷ്, ഫയർമാൻ പ്രശാന്ത്, അരുൺ പി. നായർ, ശ്രീജിത്ത്, ഡ്രൈവർ സ്റ്റാൻലി തുടങ്ങിയവർ നേതൃത്വം നൽകി.