images

തിരുവനന്തപുരം: കെ.എ.എസിന്റെ ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷയിൽ ചോദ്യങ്ങൾ മലയാളത്തിൽ ഉൾപ്പെടുത്താൻ തടസമുണ്ടെന്ന പി.എസ്.സിയുടെ വാദം പൊളിയുന്നു.മലയാളത്തിൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ കൺവീനറായി ഏഴംഗ സമിതിയുടെ റിപ്പോർട്ട് മാർച്ചിന് മുമ്പ് ലഭ്യമാക്കി നടപടി സ്വീകരിക്കാനാകാത്തതിനാലാണ് മലയാളത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കുന്നതെന്നാണ് പി.എസ്.സിയുടെ വാദം.. എന്നാൽ, വൈസ് ചാൻസലർമാരും അക്കാഡമീഷ്യന്മാരും ഉൾപ്പെട്ട സമിതി ഒരു മാസത്തെ വിശകലത്തിനു ശേഷം ഇക്കഴിഞ്ഞ 23 ന് ആദ്യ യോഗം ചേർന്ന് പ്രാഥമിക റിപ്പോർട്ട് സർക്കാരിന് കൈമാറിക്കഴിഞ്ഞു. പി.എസ്.സിയുടെ ബിരുദതല പരീക്ഷകൾക്ക് എല്ലാ വിഷയങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങളുണ്ടാക്കാൻ പ്രാപ്തരായ 1000 വിദഗ്ദരുടെ പട്ടികയും തയ്യാറായി. മൾട്ടിലെവൽ ചോദ്യങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലന ശില്പശാല ഉടൻ നടക്കും. വിദഗ്ദ്ധ അദ്ധ്യാപകരുടെ പാനൽ ലിസ്റ്റും പ്രാഥമിക ചോദ്യ ബാങ്കും വിജ്ഞാന പദകോശവുമടങ്ങുന്ന റിപ്പോർട്ട് ഡിസംബറിൽ സമർപ്പിക്കും. .
നവംബർ ആദ്യവാരം കെ.എ.എസ് വിജ്ഞാപനം പ്രസിദ്ധീകരിച്ചാലും ആദ്യ തിരഞ്ഞെടുപ്പ് പരീക്ഷ നടക്കാൻ മാസങ്ങളെടുക്കും. ഈ കാലയളവിൽ സമിതിയുടെ റിപ്പോർട്ട് പരിശോധിക്കാനും മലയാളത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്താനുമുള്ള സാവകാശം ലഭിക്കും. ഇത് അംഗീകരിക്കാതെയാണ് ധൃതി പിടിച്ച് കെ.എ.എസ് പരീക്ഷാ വിജ്ഞാപനവും സിലബസും അടുത്തയാഴ്ച പ്രസിദ്ധീകരിക്കാൻ പി.എസ്.സി ഒരുമ്പെടുന്നത്. സമിതി റിപ്പോർട്ടിന്മേൽ സർക്കാർ തീരുമാനമെടുത്ത് അറിയിക്കുന്ന മുറയ്ക്ക് മലയാളത്തിലും ചോദ്യങ്ങൾ പരിഗണിക്കാമെന്നാണ് പി.എസ്.സി പറയുന്നത്.