വെഞ്ഞാറമൂട്: റോഡിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്‌ത മൂന്ന് ബൈക്ക് യാത്രികർക്ക് മർദ്ദനമേറ്റ സംഭവത്തിൽ ആറുപേർ അറസ്റ്റിലായി. തേക്കട ചിറത്തലയ്ക്കൽ ഗാന്ധിനഗർ ഇശൽ വീട്ടിൽ ബിലാൽ (18), തേക്കട ഒഴുകുപാറ ഈന്തിക്കാട് പഴവിള വീട്ടിൽ ഷിയാസ്(18), വേളാവൂർ കിണറ്റുമുക്ക് സുഹൈൽ മൻസിലിൽ സുഹൈൽ (18), വെമ്പായം മണ്ണാൻവിളാകം റിജാസ് മൻസിലിൽ റിജാസ് (18), നെടുവേലി പ്ലന്തോട്ടത്തിൽ വീട്ടിൽ ഷഹിൻ (24), കന്യാകുളങ്ങര മുക്കോലയ്ക്കൽ വലകത്തുംമൂട് വീട്ടിൽ അൻസാർ (29) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി 9.30ന് പോത്തൻകോട് കന്യാകുളങ്ങര റോഡിൽ നന്നാട്ടുകാവിലാണ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഇവർ പടക്കം പൊട്ടിച്ചത്. ഈ സമയം ബൈക്കിൽ വരികയായിരുന്ന പാലോട്ടുകോണം രാജിഭവനിൽ രജിത്, സുഹൃത്തുക്കളായ അഭിജിത്, ശ്യാംകുമാർ എന്നിവർ ഇത് ചോദ്യം ചെയ്‌തതോടെ വാക്കേറ്രമായി. ഇതിനു ശേഷം ഇവർ യാത്ര തുടർന്നെങ്കിലും പടക്കം പൊട്ടിച്ചവർ കാറിലും ബൈക്കുകളിലും പിന്തുടർന്ന് പ്ലാക്കീഴിന് സമീപം വച്ച് ഇവരെ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. ഇവർ നൽകിയ പരാതിയിൽ കേസെടുത്ത വെഞ്ഞാറമൂട് പൊലീസ് ഇന്നലെ രാവിലെ ആറുപേരെയും വെമ്പായത്ത് നിന്നും അറസ്റ്റുചെയ്യുകയുമായിരുന്നു. സി.ഐ ബി. ജയൻ, എസ്.ഐ ബിനീഷ് ലാൽ, സി.പി.ഒമാരായ മഹേഷ്, ഷാജു, ഷാജി, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.