തിരുവനന്തപുരം: അറിവിന്റെ കാലാനുസൃതമായ നവീകരണം ഏറ്റവും പ്രധാനമാണെന്നും പ്രൊഫഷണൽ രംഗത്ത് തിളങ്ങാൻ കുറുക്കുവഴികളില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോളേജ് ഒഫ് എൻജിനിയറിംഗിന്റെ 80-ാം വാർഷികത്തോടനുബന്ധിച്ചുള്ള ഒരു വർഷത്തെ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിവർഷം എട്ട് ലക്ഷത്തോളം എൻജിനിയറിംഗ് ബിരുദധാരികൾ ഇന്ത്യയിൽ പഠിച്ചിറങ്ങുന്നുണ്ട്. ഇവരിൽ മൂന്ന് ലക്ഷം പേർക്ക് തൊഴിൽ ലഭിക്കുന്നു. മറ്റുള്ളവർ തൊഴിൽ കമ്പോളങ്ങളിൽ നിന്ന് പുറത്താവുകയും മറ്റ് ജീവനോപാധികൾ തേടുകയും ചെയ്യുന്നു. ഇത് ഗൗരവതരമാണ്. സാങ്കേതിക രംഗത്തെ നൂതന മാറ്റങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനം നൽകണം. അറിവുകൊണ്ട് അദ്ധ്യാപകർ സ്വയം നവീകരിക്കുന്നതോടൊപ്പം വിദ്യാർത്ഥികളെ അതിനു പ്രാപ്തരാക്കുകയും വേണം. എൻജിനിയറിംഗ് മേഖലയിൽ വരുന്ന വലിയ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് സ്വയം നവീകരിക്കണം. അത്തരമൊരു ഘട്ടത്തിൽ മാത്രമേ ലക്ഷ്യത്തിലെത്താനുതകുന്ന കൃത്യമായ ധാരണയുണ്ടാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ അദ്ധ്യക്ഷനായി. ഹരിതം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ജിജി .സി.വി, കെ.ടി. ബാലഭാസ്കരൻ, കെ.പി .കൃഷ്ണകുമാർ, അഞ്ജുരാജ് .ടി.ആർ തുടങ്ങിയവർ സംസാരിച്ചു. ഡോ. കെ.പി. ഇന്ദിരാദേവി സ്വാഗതവും ഡോ. അശോക് കുമാർ എൻ നന്ദിയും പറഞ്ഞു.