തിരുവനന്തപുരം: മലയാള പത്ര-പുസ്തക പ്രസാധനരംഗത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ വികസിപ്പിച്ച് പ്രസാധനം ചെലവുകുറഞ്ഞതും സുഗമവുമാക്കാനുള്ള കർമ്മപരിപാടിക്കു രൂപംനൽകാൻ കേരള മീഡിയ അക്കാഡമി പ്രസാധന സ്വാശ്രയത്വ ഉച്ചകോടി സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 31, നവംബർ 1 തീയതികളിൽ മസ്‌കറ്റ് ഹോട്ടലിലാണ് ഉച്ചകോടി. സ്വതന്ത്ര ഡിസൈൻ സോഫ്റ്റ്‌വെയറായ സ്‌ക്രൈബസ് അറബിഭാഷയ്ക്കും ഇന്ത്യൻ ഭാഷകൾക്കും ഉപയോഗപ്പെടുമാറ് വികസിപ്പിക്കാൻ നേതൃത്വം കൊടുത്ത ഒമാൻ വിദഗ്ദ്ധൻ ഫഹദ് അൽ സെയ്ദി 31ന് രാവിലെ 10ന് ഉച്ചകോടി ഉദ്ഘാടനം ചെയ്യും. മീഡിയ അക്കാഡമിയുടെ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉദ്യമങ്ങളുടെ ഉദ്ഘാടനം മന്ത്രി ഡോ. ടി.എം. തോമസ് ഐസക്കും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും നിർവഹിക്കുമെന്ന് കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എഴുത്തുകാരൻ സി. രാധാകൃഷ്ണൻ, തോമസ് ജേക്കബ്, എം.വി. ശ്രേയാംസ്‌കുമാർ, പി. രാജീവ്, ദീപു രവി, രാജാജി മാത്യു തോമസ്, വെങ്കിടേശ് രാമകൃഷ്ണൻ, പി.ആർ.ഡി സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ യു.വി. ജോസ്, ഡോ. പി.കെ. രാജശേഖരൻ, ജോൺ മുണ്ടക്കയം, എസ്. ബിജു, സി. നാരായണൻ, സുരേഷ് വെള്ളിമംഗലം, വി.എസ്. രാജേഷ് തുടങ്ങിയവർ പ്രധാന സമ്മേളനങ്ങളിൽ പങ്കെടുക്കും.
മീഡിയ അക്കാഡമിയുടെ ശാസ്തമംഗലത്തെ സബ്‌സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ. കരുൺ, മീഡിയ അക്കാഡമി ജനറൽ കൗൺസിൽ അംഗം രാജാജി മാത്യു തോമസ്, കെ.യു.ഡബ്ളിയു.ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം തുടങ്ങിയവർ പങ്കെടുത്തു. അക്കാഡമിയിൽ സ്ഥാപിച്ച എഡിറ്റ് സ്യൂട്ടിന്റെയും ആഡിയോ ബൂത്തിന്റെയും ഉദ്ഘാടനം ഷാജി എൻ. കരുൺ നിർവഹിച്ചു.
റേഡിയോ കേരള ഉദ്ഘാടനം ഡിസംബറിൽ
മലയാളികളെ ആഗോളതലത്തിൽ ഒന്നിപ്പിക്കാൻ റേഡിയോ കേരള എന്ന ഇന്റർനെറ്റ് റേഡിയോ കേരള മീഡിയ അക്കാഡമി ആരംഭിച്ചു. ഇപ്പോഴത്തെ പരീക്ഷണ പ്രക്ഷേപണ കാലത്ത് 110 ൽ അധികം രാജ്യങ്ങളിലെ മലയാളികളിലേക്ക് ഈ ഓൺലൈൻ റേഡിയോ എത്തിയിട്ടുണ്ട്. ഒൗദ്യോഗിക ഉദ്ഘാടനം ഡിസംബറിൽ നടക്കും. വാർത്തയും വാർത്താധിഷ്ഠിത പരിപാടികളും വിനോദവും ഒരുമിക്കുന്ന സമ്പൂർണ മലയാളം റേഡിയോയാണ് ലക്ഷ്യമിടുന്നത്. 24 മണിക്കൂർ ഇടതടവില്ലാതെ പ്രക്ഷേപണത്തിനൊരുങ്ങുന്ന റേഡിയോ, അക്കാഡമിയുടെ സ്വന്തം സ്റ്റുഡിയോയിൽ നിന്ന് അപ്‌ലിങ്ക് ചെയ്യാനുള്ള സംവിധാനങ്ങൾ പൂർത്തിയാക്കിവരികയാണ്. ബാലകൃഷ്ണൻ പെരിയയാണ് റേഡിയോ കേരളയുടെ കൺസൾട്ടന്റ്.
വിദ്യാർത്ഥികളുടെ സർഗാത്മക രചനകൾ അവതരിപ്പിക്കാനായി https://www.newspages.in എന്ന പോർട്ടലിനും തുടക്കമായി.