വർക്കല: സ്കൂട്ടർ യാത്രക്കാരനായ യുവാവിനെ തടഞ്ഞുനിറുത്തി ആക്രമിച്ച് പരിക്കേല്പിച്ച ശേഷം മൂന്നംഗസംഘം പണവും സ്വർണവും കവർന്നു. പുല്ലാന്നിക്കോട് പുന്നവിള വീട്ടിൽ സജിത്തിനെയാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രി 7ഓടെ പുല്ലാന്നിക്കോട് ജംഗ്ഷനിലാണ് സംഭവം. നിലമേലിൽ വർക്ക്ഷോപ്പ് ജീവനക്കാരനായ സജിത്ത് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. തടഞ്ഞുനിറുത്തുന്നതിനിടെ സ്കൂട്ടറിനൊപ്പം മറിഞ്ഞുവീണ സജിത്തിനെ ആയുധംകൊണ്ട് മൂക്കിലിടിച്ചു പരിക്കേല്പിച്ച ശേഷം 35000 രൂപയും ഡ്രൈവിംഗ് ലൈസൻസും അടങ്ങിയ പഴ്സും രണ്ടര പവന്റെ മാലയും ഏലസും പൊട്ടിച്ചെടുത്ത് അക്രമികൾ കടന്നുകളയുകയായിരുന്നു. മൂക്കിൽ നിന്നും രക്തം വാർന്നൊഴുകിയ സജിത്ത് ഒരു സുഹൃത്തിനെ വിളിച്ചു വരുത്തിയശേഷം പൊലീസ് സ്റ്റേഷനിലെത്തി. ഇവിടെ കുഴഞ്ഞുവീണ സജിത്തിനെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കു ശേഷം സജിത്തിനെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ മൂക്കിന് പൊട്ടലുണ്ട്.