തിരുവനന്തപുരം : മാലിന്യ സംസ്കരണത്തിലെ അപാകത ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് നഗരസഭയ്ക്ക് നോട്ടീസ് നൽകിയ സംഭവം കെട്ടടങ്ങുന്നില്ല. നോട്ടീസ് ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്ന കാരണത്താൽ ഹെൽത്ത് ഓഫീസർ ശശികുമാറിനെ സസ്‌പെൻഡ് ചെയ്തു. നോട്ടീസ് അലക്ഷ്യമായി കൈകാര്യം ചെയ്ത ജനറൽ തപാൽ സെക്‌ഷൻ സൂപ്രണ്ട് ശാന്തി, ഹെൽത്ത് സെക്‌ഷൻ സൂപ്രണ്ട് ജി.എസ്. അജികുമാർ, സെക്‌ഷൻ ക്ലാർക്ക് സുകുമാരൻനായർ,ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ് എന്നിവർക്ക് ചാർജ് മെമ്മോയും നൽകി. നോട്ടീസ് ലഭിച്ചിട്ടില്ലെന്ന നിലപാടാണ് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ നഗരസഭാ അധികൃതർ സ്വീകരിച്ചത്. നാളെ വീണ്ടും കൗൺസിൽ യോഗം ചേരാനിരിക്കെയാണ് ഭരണസമിതി ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം 27ന് നോട്ടീസ് ഹെൽത്ത് ഓഫീസർ കൈപ്പറ്റി സെക്‌ഷനിലേക്ക് കൈമാറി. എന്നാൽ നോട്ടീസിന്റെ ഉള്ളടക്കം അദ്ദേഹം മനസിലാക്കിയിരുന്നില്ല. സെകഷൻ ഉദ്യോഗസ്ഥർ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്തുമില്ല. അതിനാൽ സെക്രട്ടറി ഉൾപ്പെടെയുള്ളവരിലേക്ക് നോട്ടീസ് എത്തിച്ചില്ല. കൗൺസിൽ യോഗത്തിലും നോട്ടീസ് ലഭിച്ചില്ലെന്ന നിലപാട് ഡെപ്യൂട്ടി മേയർ രാഖി രവികുമാറും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും സ്വീകരിച്ചു. പിന്നാലെ നഗരസഭ നോട്ടീസ് കൈപ്പറ്റിയതിനുള്ള തെളിവ് മലിനീകരണ നിയന്ത്രണബോർഡ് അധികൃതർ പുറത്തുവിട്ടു. ഇതോടെ സെക്‌ഷനിൽ നടത്തിയ തെരച്ചിലിലാണ് നോട്ടീസ് ലഭിച്ചത്. തുടർന്നാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. വി.കെ. പ്രശാന്ത് രാജിവയ്ക്കുന്നതിന്റെ തലേദിവസം ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്ത ഫയൽ കൈമാറുകയായിരുന്നു.
യൂണിയൻ ഇടപെട്ടു, എച്ച്.ഒ മാത്രം ഇരയായി
ഹെൽത്ത് ഓഫീസറെ കൂടാതെ വീഴ്ച വരുത്തിയ മറ്റ് ജീവനക്കാരിൽ ചിലരെയും സസ്‌പെൻഡ് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ ഇടതുപക്ഷ യൂണിയനായ കെ.എം.സി.എസ്.യുവിന്റെ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് മറ്റു ജീവനക്കാരുടെ സസ്‌പെൻഷൻ ചാർജ് മെമ്മോയായി ചുരുങ്ങി. ഇതോടെ സസ്‌പെൻഷൻ ഹെൽത്ത് ഓഫീസർക്ക് മാത്രമായി. ഹെൽത്ത് ഓഫീസർ നോട്ടീസ് കൈപ്പറ്റി സെക്‌ഷന് കൈമാറിയെങ്കിലും നോട്ടീസിലെ ഉള്ളടക്കത്തിലെ ഗൗരവം മനസിലാക്കിയ സെക്‌ഷൻ ജീവനക്കാർ അത് മേലുദ്യോഗസ്ഥരെ ധരിപ്പിച്ചില്ലെന്നതും ഗൗരവകരമായ വീഴ്ചയാണ്.