തിരുവനന്തപുരം: യൂണിവേഴ്സിറ്രി കോളേജിലെ വിദ്യാർത്ഥി അഖിലിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിലും റിമാൻഡിലായിരുന്ന ശിവരഞ്ജിത്തിനും നസീമിനും ജാമ്യം ലഭിച്ചു. പ്രതികൾ അറസ്റ്രിലായി 90 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നൽകാത്തതിനാലാണ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി ജാമ്യം അനുവദിച്ചത്.
കോളേജ് കാന്റീനിൽ കൊട്ടി പാടിയതിന് അഖിലിന്റെ സുഹൃത്തിനെ എസ്.എഫ്.എെ യൂണിറ്റ് കമ്മിറ്രി അംഗങ്ങൾ മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് എസ്.എഫ്.എെ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പ്രതികൾ അഖിലിനെ കുത്തിവീഴ്ത്തിയത്.
പൊലീസ് നടത്തിയ തുടർ അന്വേഷണത്തിലാണ് ഉത്തരക്കടലാസ് മോഷ്ടിച്ച കേസിൽ ശിവരഞ്ജിത്തും നസീമും പ്രതികളായത്. പി.എസ്.സി നടത്തിയ പൊലീസ് കോൺസ്റ്രബിൾ ടെസ്റ്രിൽ ഇരുവർക്കും ഉയർന്ന റാങ്ക് ഉള്ളതായും കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം വിവിധ കോണുകളിൽ നിന്ന് ഉയർന്നിരുന്നു. പൊലീസ് അന്വേഷണത്തിൽ പ്രതികൾ പുറത്തുനിന്നുള്ളവരുടെ സഹായത്താൽ പരീക്ഷാ ക്രമക്കേടിലൂടെയാണ് ഉന്നത റാങ്ക് നേടിയതെന്ന് കണ്ടെത്തി. സർക്കാർ പി.എസ്.സി പരീക്ഷാതട്ടിപ്പിന്റെ അന്വേഷണം ക്രെെംബ്രാഞ്ചിനെ ഏല്പിക്കുകയും ചെയ്തു.
എന്നാൽ, വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ലോക്കൽ പൊലീസും പരീക്ഷാതട്ടിപ്പ് കേസിൽ ക്രെെംബ്രാഞ്ചും കോടതിയിൽ കുറ്റപത്രം നൽകാൻ കാര്യമായി ശ്രമിച്ചില്ല. പൊലീസിന്റെ വീഴ്ച കാരണമാണ് ഇപ്പോൾ പ്രതികൾ ജയിൽ മോചിതരായത്.