തിരുവനന്തപുരം: പാരിസ്ഥിതിക സേവനങ്ങളുടെ മൂല്യവും സാധ്യതകളും മുൻനിറുത്തി വനഭൂപരിപാലനത്തിൽ ( ഫോറസ്റ്റ് ലാൻഡ്സ്‌കേപ്പിംഗ്) ആവശ്യമായ പുത്തൻ സങ്കേതങ്ങൾ ഉൾക്കൊള്ളിക്കാൻ ലക്ഷ്യമിട്ട് രാജ്യത്ത് നടപ്പാക്കി വരുന്ന ഫോറസ്റ്റ് പ്ലസ് 2.0 പദ്ധതിക്ക് സംസ്ഥാനത്ത് നാളെ തുടക്കമാവും. പദ്ധതി നാളെ രാവിലെ 11 ന് അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കും. മന്ത്രി കെ. രാജു ഉദ്‌ഘാടനം ചെയ്യും. യു.എസ്.എ ഐ.ഡി (ഇന്ത്യ)ഡെപ്യൂട്ടി മിഷൻ ഡയറക്ടർ റമോണ എൽ. ഹംസവോയി അദ്ധ്യക്ഷത വഹിക്കും.
വനം - ജലസമൃദ്ധിക്കും അഭിവൃദ്ധിക്കും എന്ന ആശയത്തിലൂന്നിയുള്ള പദ്ധതി യു.എസ്.എ ഐ ഡിയും കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്. കേരളം, ബീഹാർ,തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് പദ്ധതി നടപ്പാക്കുക. കേരളത്തിൽ അഗസ്ത്യാർകൂട ജൈവവൈവിധ്യ സംരക്ഷണമേഖല ഉൾപ്പെടുന്ന ഫോറസ്റ്റ് ഡിവിഷനിലാണ് ഫോറസ്റ്റ് പ്ല്സ് 2.0 വിന് തുടക്കമാകുക. വനഭൂപരിപാലന മാർഗങ്ങളിലൂടെ പാരിസ്ഥിതിക സാമൂഹ്യ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.