ബംഗ്ളാദേശ് ക്രിക്കറ്റ് ക്യാപ്ടൻ ഷാക്കിബ് അൽ ഹസന് രണ്ടു വർഷത്തെ ഐ.സി.സി വിലക്ക്
വാതുവയ്പുകാർ സമീപിച്ചത് രഹസ്യമാക്കി വച്ചതിനാണ് വിലക്ക്.
2020ലെ ട്വന്റി-20 ലോകകപ്പും ഐ.പി.എല്ലും നഷ്ടമാകും
ഢാക്ക : ബംഗ്ളാദേശ് ക്രിക്കറ്റ് ടീം ക്യാപ്ടൻ ഷാക്കിബ് അൽഹസന്റെ കരിയറിൽ കനത്ത തിരിച്ചടിയായി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ രണ്ടു വർഷത്തെ വിലക്ക്. ഐ.സി.സിയുടെ അഴിമതി വിരുദ്ധ കോഡ് ലംഘിച്ചതിനാണ് വിലക്ക്. ഈ മാസം മൂന്നിന് തുടങ്ങുന്ന ഇന്ത്യൻ പര്യടനം മുതൽ വിലക്ക് നിലവിൽ വരും.
രണ്ട് കൊല്ലം മുമ്പ് ഒരു വാതുവയ്പുകാരൻ ഷാക്കിബിനെ സമീപിച്ച് കോഴ വാഗ്ദാനം ചെയ്തിരുന്നു. ഐ.സി.സി ആന്റികറപ്ഷൻ കോഡ് അനുസരിച്ച് വാതുവയ്പുകാർ സമീപിച്ചാൽ ഉടൻ തന്നെ കളിക്കാർ ആന്റി കറപ്ഷൻ ആൻഡ് സെക്യൂരിറ്റി യൂണിറ്റിനെ അറിയിക്കേണ്ടതാണ്. എന്നാൽ, ഷാക്കിബ് തന്നെ ബുക്കി സമീപിച്ചകാര്യം ഐ.സി.സി യെയോ ബംഗ്ളാ ക്രിക്കറ്റ് ബോർഡിനെയോ അറിയിച്ചിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പുറത്തു വന്നതിനെത്തുടർന്ന് ഐ.സി.സി നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഷാക്കിബിനെതിരെ ഐ.സി.സി നടപടിയുണ്ടാകുമെന്ന് രണ്ട് മൂന്ന് ദിവസമായി സൂചനയുണ്ടായിരുന്നു. ഇന്ത്യൻ പര്യടനത്തിനുള്ള ടീമിന്റെ പരിശീലനത്തിൽ നിന്ന് ഷാക്കിബിനോട് പിൻമാറാൻ ഐ.സി.സി ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ വാരം ഷാക്കിബിന്റെ നേതൃത്വത്തിൽ ബംഗ്ളാദേശ് കളിക്കാർ ക്രിക്കറ്റ് ബോർഡിനെതിരെ വേതന വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് സമരം ചെയ്തിരുന്നു. സമരം ചർച്ച ചെയ്ത് അവസാനിപ്പിച്ചതിന് പിന്നാലെയാണ് വിലക്ക് എത്തിയത്.
ഇന്ത്യൻ പര്യടനത്തിൽ മൂന്ന് ട്വന്റി ട്വന്റികളും രണ്ട് ടെസ്റ്റുകളുമാണ് ബംഗ്ളാദേശ് കളിക്കുന്നത്.
ടെസ്റ്റിൽ മുഷ്ഫിഖ് ഉർറഹിമായിരിക്കും പുതിയ നായകൻ.
ട്വന്റി-20യിൽ മഹമൂദുള്ള റിയാദോ മൊസാദേക്ക് ഹൊസൈനോ നായകനാകും. ബംഗ്ളാദേശ് ടീം ഇന്ന് ഇന്ത്യയിലെത്തും.
മൂന്ന് ഫോർമാറ്റുകളിലുമായി 11,000ത്തിലധികം റൺസും 500ലേറെ വിക്കറ്റുകളും നേടിയിട്ടുള്ള
ലോകോത്തര ആൾ റൗണ്ടറാണ് ഷാക്കിബ്.
കളിയിൽ നിന്ന് വിലക്കപ്പെട്ടതിൽ അതിയായ സങ്കടമുണ്ട്. പക്ഷേ, ഞാൻ ചെയ്ത കുറ്റം സമ്മതിക്കുന്നു. വാതുവയ്പുകാർ സമീപിച്ചത് കൃത്യമായി ഐ.സി.സിയെ അറിയിക്കുന്നതിൽ എനിക്ക് വീഴ്ച പറ്റി. യുവതാരങ്ങൾക്ക് ഇത്തരത്തിൽ ഇനി അബദ്ധം പറ്റാതിരിക്കാനായി മാതൃകാപരമായ ഈ ശിക്ഷ ഞാൻ ഏറ്റുവാങ്ങുന്നു.
-ഷാക്കിബ് അൽഹസൻ.