koodathil-murder

തിരുവനന്തപുരം: ഏഴു ദുരൂഹ മരണങ്ങൾ സംഭവിച്ച കരമന കൂടത്തിൽ തറവാടിന് (ഉമാമന്ദിരം) ഉണ്ടായിരുന്ന 100 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുക്കപ്പെട്ടതായി പൊലീസ് കരുതുന്നു. സ്വത്ത് തട്ടിയെടുത്ത 12 പേരുടെ അക്കൗണ്ടുകൾ മരവിപ്പിക്കും. തട്ടിപ്പുകേസിലെ പ്രധാന പ്രതിയായ കാര്യസ്ഥൻ രവീന്ദ്രൻനായർക്ക് 50 ലക്ഷത്തിന്റെ നിക്ഷേപമുണ്ടെന്നാണ് സൂചന. വഞ്ചിയൂരിലെ ഒരു സഹകരണ സംഘത്തിലെ അക്കൗണ്ടിലാണ് അരക്കോടിയിലേറെ രൂപയുടെ നിക്ഷേപം അന്വേഷണ സംഘം കണ്ടെത്തിയത്. തട്ടിയെടുത്ത ഭൂമി വിറ്റ പണമാണിതെന്നാണ് സംശയം. ഇയാളുടെ ഭാര്യയുടെയും മകന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ടുകളും മരവിപ്പിക്കും. ഇയാളുടെ കൂട്ടാളിയും കൂടത്തിൽ തറവാട്ടിലെ മുൻ കാര്യസ്ഥനുമായ സഹദേവനും വൻ നിക്ഷേപമുണ്ട്. എല്ലാവരുടെയും പൈതൃക സ്വത്തുക്കൾ ഒഴികെയുള്ളവയുടെ കൈമാറ്റം തടയാൻ പൊലീസ് റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളെ സമീപിച്ചു. രവീന്ദ്രൻ അടുത്തിടെ നടത്തിയ ഭൂമികച്ചവടങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ഭൂമിയുടെ മൂല്യനിർണയം നടത്തുന്നതിനും വ്യാജരേഖകളുടെ സഹായത്തോടെ നടത്തിയ പ്രമാണങ്ങൾ അസാധുവാക്കി ഇടപാടുകൾ മരവിപ്പിക്കാനും പൊലീസ് നീക്കം തുടങ്ങി. രവീന്ദ്രനിൽ നിന്ന് ഭൂമി വാങ്ങിയവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.

ജയമാധവൻ നായരുടെ ദുരൂഹമരണം

കൂടത്തിൽ വീട്ടിൽ അവസാനമായി മരിച്ച ജയമാധവൻ നായരുടെ മൃതദേഹം

പോസ്റ്റുമോർട്ടം നടത്താതെ വീട്ടിലെത്തിക്കാൻ രവീന്ദ്രൻ ശ്രമിച്ചതായി പൊലീസ് ‌കണ്ടെത്തി. കട്ടിളയിൽ തലയടിച്ച് വീണെന്നാണ് ആശുപത്രിയിൽ പറഞ്ഞത്. കൈകാലുകളിലും തലയിലും മൂക്കിലും മുറിവുകളുണ്ടായിരുന്നു. ജയമാധവൻ അപസ്മാര ബാധയുള്ളയാളാണെന്നും രാത്രിയിലെപ്പോഴോ അപസ്മാരമുണ്ടായി വീട്ടിനുള്ളിൽ വീണതാണെന്നുമായിരുന്നു രവീന്ദ്രൻനായർ ആശുപത്രിയിൽ പറഞ്ഞത്. എന്നാൽ, ആശുപത്രിയിലെത്തുംമുമ്പ് മരണം സംഭവിച്ചതിനാൽ പോസ്റ്റുമോർട്ടം നടത്തണമെന്ന് ഡോക്ടർ നിർബന്ധിക്കുകയായിരുന്നു. ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിൽ അയച്ചിരുന്നു. ഇതുവരെ ഫലം പൊലീസിന് ലഭിച്ചിട്ടില്ല. ബന്ധുക്കളെപ്പോലും അറിയിക്കാതെ ആശുപത്രിയിൽ നിന്ന് നേരെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി രവീന്ദ്രൻ നായർ അന്ത്യകർമ്മങ്ങൾ നടത്തുകയായിരുന്നു.

ജയമാധവൻ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വീട്ടിൽ വഴക്കുണ്ടായതായും ജയമാധവൻ ആക്രോശിക്കുന്നതായി കേട്ടതായും നാട്ടുകാർ പറയുന്നു. ജയപ്രകാശിന്റെ മരണശേഷം 2013ലും അതിനുശേഷവും രണ്ട് ഘട്ടങ്ങളായാണ് കൂടത്തിൽ വീട്ടിലെ സ്വത്തുക്കൾ രവീന്ദ്രൻ നായരുടെയും സഹായി സഹദേവന്റെയും കൈയിലെത്തിയത്. 2012 സെപ്തംബർ 17ന് ജയപ്രകാശിന്റെ മരണശേഷം ജയമാധവൻ ഉൾപ്പെടെയുള്ളവരെ വാദികളാക്കിയും പ്രസന്നകുമാരിയും മകനുമുൾപ്പെടെയുള്ളവരെ പ്രതികളാക്കിയും കാര്യസ്ഥൻ കേസ് നൽകിയെന്നും ഉന്നത ഉദ്യോഗസ്ഥന്റെ സഹായത്തോടെ അദാലത്തിൽ കേസ് തീർപ്പാക്കിയെന്നുമാണ് സൂചന. ഉമാമന്ദിരമുൾപ്പെടെ 33 സെന്റ് സ്ഥലവും മണക്കാട്ട് 30.8 സെന്റ് വസ്തുവുമാണ് വിൽപത്രത്തിലൂടെ രവീന്ദ്രൻ നായരുടെ കൈവശമെത്തിയത്.