
തിരുവനന്തപുരം: മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന സമൂഹത്തെ പിന്നോട്ട് നയിച്ചാലേ തങ്ങൾക്ക് നിലനില്പുള്ളൂ എന്നാണ് ചില വർഗീയ ശക്തികളും രാഷ്ട്രീയ പാർട്ടികളും കരുതുന്നതെന്നും അത് എല്ലാവരും തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സാഹിത്യ പുരസ്‌കാരം ഡോ. കെ. സച്ചിദാനന്ദന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു വിമോചന സമരം ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്ന് കരുതുന്നവർ വിഡ്ഢികളുടെ പറുദീസയിലാണ്. മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെ എതിർക്കാനും വിശ്വാസികളെയാണ് അണിനിരത്തിയത്. സമുദായ പ്രമാണിമാരാണ് വിശ്വാസികളെ രംഗത്തിറക്കിയത്. സമാനമായ ശ്രമങ്ങൾ ഇപ്പോഴും നടക്കുന്നു. സ്ഥാപിത താത്പര്യക്കാരാണ് വിശ്വാസികളെ ഇളക്കി വിടുന്നത്. സാമ്പത്തിക താത്പര്യവും ഇതിന് പിന്നിലുണ്ട്. ഇത് തിരിച്ചറിയാനുള്ള കഴിവ് പുതിയ തലമുറയ്ക്കുണ്ട്. കാലത്തെ മുന്നോട്ടു നയിക്കുന്ന പതാക വാഹകനാണ് സച്ചിദാനന്ദൻ. മുണ്ടശ്ശേരിയും സച്ചിദാനന്ദനും അക്കാഡമിക് രംഗത്തും സാംസ്‌കാരികരംഗത്തും സമാനതകളുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. യുവ എഴുത്തുകാരനുള്ള പുരസ്‌കാരം ഡോ. ദിലീപ് മാമ്പള്ളിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. ഡോ. പി. സോമൻ രചിച്ച 'അഖിലേന്ത്യാ പുരോഗമന സാഹിത്യ ചരിത്രം' എന്ന പുസ്തകം പുരോഗമന സാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റ് ഷാജി എൻ. കരുണിന് നൽകി പ്രകാശനം ചെയ്തു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഡോ. ജി. ബാലമോഹൻ തമ്പി, എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. കെ.എൻ. ഗംഗാധരൻ, ട്രഷറർ എം. ചന്ദ്രബോസ്, ഡോ. എസ്. രാജശേഖരൻ, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ, പ്രൊഫ. വി.എൻ. മുരളി, വി.എസ്. ബിന്ദു എന്നിവർ സംസാരിച്ചു