valayar-case-

തിരുവനന്തപുരം: വാളയാറിൽ രണ്ട് ദളിത് പെൺകുട്ടികളുടെ മരണത്തിനിടയാക്കിയ പീഡനക്കേസിൽ പ്രതികളെ വിട്ടയച്ച പോക്സോ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ തീരുമാനിച്ചു.

കേസ് വാദിച്ച പബ്ലിക്ക് പ്രോസിക്യൂട്ടറെ മാ​റ്റും. പകരം അനുഭവസമ്പത്തുള്ള മുതിർന്ന പ്രോസിക്യൂട്ടറെ നിയമിക്കും. കേസിൽ തുടരന്വേഷണത്തിന് കോടതിയുടെ അനുമതി തേടും. പുനർവിചാരണയ്ക്ക് നിയമപരമായ എല്ലാ സാദ്ധ്യതകളും തേടാനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ മഞ്ചേരി ശ്രീധരൻ നായർ, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചയിൽ തീരുമാനമായി. വിചാരണ പൂർത്തിയാക്കി കോടതി വിധി പറഞ്ഞ കേസിൽ സി.ബി.ഐ അന്വേഷണത്തിനോ പുനരന്വേഷണത്തിനോ സർക്കാരിന് ഉത്തരവിടാനാവില്ലെന്ന് 'കേരളകൗമുദി' കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

കേസിൽ ഗുരുതരവീഴ്ചയുണ്ടായെന്ന് ദേശീയ പട്ടികജാതി–പട്ടികവർഗ കമ്മിഷൻ ചൊവ്വാഴ്ച അറിയിച്ചിരുന്നു. ചീഫ് സെക്രട്ടറിയെയും ഡി.ജി.പിയെയും ഡൽഹിയിലെ ആസ്ഥാനത്ത് വിളിച്ചുവരുത്തി വിശദീകരണം തേടും. പൊലീസും പ്രോസിക്യൂഷനും കേസ് കൈകാര്യം ചെയ്തതു ലാഘവത്തോടെയാണെന്നും കമ്മിഷൻ വൈസ് ചെയർമാൻ എൽ.മുരുകൻ പറഞ്ഞിരുന്നു.

പ്രതിഷേധം ശക്തമായതോടെ വാളയാർ ഉൾപ്പെടെ നിരവധി പോക്‌സോ കേസുകളിലെ പ്രതികൾക്കു വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമസമിതി ചെയർമാനെ തൽസ്ഥാനത്തു നിന്ന് നീക്കിയിരുന്നു. വാളയാറിൽ പീഡനത്തെ തുടർന്ന് 13 വയസ്സും ഒൻപതു വയസ്സും പ്രായമുള്ള സഹോദരിമാർ ആത്മഹത്യ ചെയ്ത കേസിൽ മൂന്നു പ്രതികളെ വെള്ളിയാഴ്ചയാണ് പാലക്കാട് പോക്‌സോ കോടതി വെറുതേ വിട്ടത്.